v-d-satheesan

തിരുവനന്തപുരം: കോവളത്ത് കൊല്ലപ്പെട്ട പതിനാലുകാരിയുടെ മാതാപിതാക്കൾക്ക് നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മകളുടെ മരണത്തിൽ കുറ്റവാളികളാക്കാൻ പൊലീസ് ശ്രമിച്ച രക്ഷിതാക്കളെ വീട്ടിലെത്തി കണ്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തിൽ സർക്കാർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

കേരളത്തിൽ ഇന്നേവരെ കേട്ടിട്ടില്ലാത്ത അപരിഷ്കൃതമായ രീതിയിലുള്ള അന്വേഷണമാണ് പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. മകളുടെ മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനായി പൊലീസ് കുട്ടിയുടെ മാതാപിതാക്കളെ മർദ്ദിച്ചു. ഇങ്ങനെയെങ്കിൽ പൊലീസും ഗുണ്ടകളും തമ്മിൽ എന്താണ് വ്യത്യാസമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. കേരളം നാണിച്ച് തലതാഴ്ത്തേണ്ട സംഭവമാണ് നടന്നതെന്നും ഇക്കാര്യത്തിൽ ഒരു ഉദ്യോഗസ്ഥനെതിരെ പോലും നടപടിയെടുക്കാത്തതെന്തുകൊണ്ടാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

ക്യാൻസർ രോഗിയായ പെൺകുട്ടിയുടെ അമ്മയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കണമെന്നും ഇല്ലെങ്കിൽ പ്രതിപക്ഷം ഏറ്റെടുക്കുമെന്നും വി ഡി സതീശൻ വ്യക്തമാക്കി. പൊലീസിൽ നിന്നും നാട്ടുകാരിൽ നിന്നും നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകളെ പറ്റിയും പെൺകുട്ടിയുടെ മാതാപിതാക്കൾ പ്രതിപക്ഷ നേതാവിനോട് വിശദീകരിച്ചു. കുറ്റം ഏറ്റെടുക്കാൻ പൊലീസ് ചൂരൽ കൊണ്ട് അടിച്ചെന്നും കെട്ടിത്തൂക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് മാതാപിതാക്കളായ ആനന്ദനും ഗീതയും പറഞ്ഞത്.