andre-leon-talley

ലോസ്ആഞ്ചലസ് : ലോകപ്രശസ്ത ഫാഷൻ ജേർണലിസ്‌റ്റ് ആൻഡ്രെ ലിയോൺ റ്റാലി ( 73 ) അന്തരിച്ചു. സ്‌റ്റൈലിസ്‌റ്റായും ക്രിയേറ്റീവ് ഡയറക്ടറായും തിളങ്ങിയ അദ്ദേഹം പ്രശസ്ത ഫാഷൻ മാഗസിനായ വോഗിന്റെ എഡിറ്റർ അറ്റ് ലാർജ് ആയിരുന്നു. ആൻഡ്രെയുടെ അടുത്ത വൃത്തങ്ങളാണ് മരണവിവരം പുറത്തുവിട്ടത്.

വിമൺസ് വെയർ ഡെയ്‌ലി മാഗസിനിലും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം അമേരിക്കയിലും യൂറോപ്പിലും നടന്ന മുൻനിര ഫാഷൻ ഷോകളുടെയെല്ലാം ഭാഗമായി. അമേരിക്കാസ് ടോപ് മോഡൽ പരിപാടിയുടെ വിധികർത്താവായിട്ടുണ്ട്. ' സെക്സ് ആൻഡ് ദ സിറ്റി ", ' വാലന്റീനോ : ദ ലാസ്റ്റ് എമ്പറർ " എന്നീ ചിത്രങ്ങളിൽ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

1948 ഒക്ടോബർ 16ന് വാഷിംഗ്ടണിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച അദ്ദേഹം 1970കളിൽ തന്റെ കരിയർ ആരംഭിക്കുന്നതിന് മുന്നേ പാർക്ക് റേഞ്ചർ ഉൾപ്പെടെ നിരവധി ജോലികൾ ചെയ്തിട്ടുണ്ട്. 1983ലാണ് വോഗിന്റെ ഭാഗമായത്.