indigo

ബംഗളൂരു: ഈ മാസം ഏഴാം തീയതി ബംഗളൂരു വിമാനത്താവളത്തിലെ സമാന്തരമായ റൺവേകളിലൂടെ ഒരേസമയം രണ്ട് വിമാനങ്ങൾ പറന്നുയർന്ന സംഭവത്തിന് കാരണം ഉദ്യോഗസ്ഥരുടെ ഗുരുതരമായ കൃത്യവിലോപമെന്ന് കണ്ടെത്തൽ. എയർബസ് എ 320 വിഭാഗത്തിൽപ്പെട്ട ഇൻഡിഗോ വിമാനങ്ങളാണ് ആകാശത്തിലെ കൂട്ടിയിടിയിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്. ബംഗളൂരുവിൽ നിന്ന് കൊൽക്കത്തയിലേക്ക് പോയ വിമാനവും ബംഗളൂരുവിൽ നിന്ന് ഭുവനേശ്വറിലേക്ക് പോകുന്ന വിമാനവുമായിരുന്നു സംഭവത്തിൽ ഉൾപ്പെട്ടത്.

സംഭവം നടക്കുന്ന ദിവസം വിമാനത്താവളത്തിലെ ഒരു റൺവേ ഉപയോഗിക്കേണ്ടെന്ന തീരുമാനത്തിലായിരുന്നു അധികൃതരെന്നും എന്നാൽ ഈ വിവരം കൺട്രോൾ ടവറിലേക്ക് കൈമാറുന്നതിൽ ഉത്തരവാദിത്തപ്പെട്ടവ‌ർ പരാജയപ്പെട്ടതാണ് തെറ്റിദ്ധാരണയ്ക്ക് കാരണമെന്നും അന്വേഷണത്തിൽ കണ്ടെത്തി.

ബംഗളൂരു വിമാനത്താവളത്തിൽ രണ്ട് റൺവേകളാണ് ഉള്ളത്. നോർത്ത് റൺവേയും സൗത്ത് റൺവേയും. ഇതിൽ നോർത്ത് റൺവേ വിമാനങ്ങൾ പറന്നുയരുന്നതിനും സൗത്ത് റൺവേ വിമാനങ്ങൾ ഇറങ്ങുന്നതിനും വേണ്ടിയായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാൽ സംഭവം നടന്ന ദിവസം ഷിഫ്റ്റ് മാറി പുതുതായി വന്ന ഉദ്യോഗസ്ഥൻ പറന്നുയരുന്നതിനും ഇറങ്ങുന്നിനും നോർത്ത് റൺവേ ഉപയോഗിക്കാനും സൗത്ത് റൺവേ അടച്ചിടാനും തീരുമാനിച്ചു. എന്നാൽ സൗത്ത് റൺവേ അടച്ചിടാനുള്ള തീരുമാനം പ്രസ്തുത റൺവേ കൈകാര്യം ചെയ്യുന്ന കൺട്രോൾ ടവറിനെ അറിയിക്കാൻ വിട്ടുപോയി.

ഇതിനെ തുടർന്നാണ് രണ്ട് റൺവേകളിൽ നിന്നും വിമാനം പറന്നുയരുന്ന സാഹചര്യം ഉണ്ടായതെന്ന് ഡയറക്ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷന്റെ അന്വേഷണത്തിൽ കണ്ടെത്തി.