kk

നിർജലീകരണം അഥവാ ഡിഹൈഡ്രേഷൻ എന്ന് പറയുന്നത് വളരെയധികം ശ്രദ്ധി ക്കേണ്ട ഒന്നാണ്. സാധാരണ നിലയിൽ ശരീരത്തിന്റെ സുഗമമായ പ്രവർത്തനത്തിന് ദിവസേന കുറഞ്ഞത് എട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കേണ്ടത് അത്യാവശ്യമാണ്. ഒരാളുടെ ജോലിയേയും പ്രായവും അനുസരിച്ച് ഈ അളവിൽ വ്യത്യാസം വരാം. കായികാദ്ധ്വാനിയായ ഒരാൾക്ക് ഇതിന്റെ ഇരട്ടിയോ അതിലേറെയോ വെള്ളം വേണ്ടി വന്നേക്കാം. കാരണം ശാരീരിക പ്രവർത്തനങ്ങൾ നടക്കുമ്പോൾ കൂടുതൽ ജലം നഷ്ടപ്പെടുന്നു. എന്നാൽ കുടിയ്ക്കുന്ന വെള്ളം മതിയാകാതെ വരുമ്പോഴാണ് നിർജലീകരണം സംഭവിക്കുന്നത്.

കുടലിലെ ഭിത്തികളിലുള്ള അണുബാധ, മുറിവുകൾ തുടങ്ങിയവ മൂലം കൂടുതൽ ദ്രാവകം ഉത്പാദിപ്പിയ്ക്കപ്പെടുകയും അതിന്റെ ആഗീരണം നടക്കാതിരിക്കുമ്പോഴുമാണ് ഡീഹൈഡ്രേഷൻ സംഭവിക്കുന്നത്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ രോഗിയുടെ തൂക്കം കുറയും. ചെറിയ കാലയളവിനുള്ളിൽ 10ശതമാനത്തോളം തൂക്കം കുറയുന്നതായി കാണപ്പെട്ടാൽ ഗുരുതരമാണ്. ദാഹക്കൂടുതൽ, വായ് വരളുക, ക്ഷീണം, തലയ്ക്കു ഭാരക്കുറവ് (പ്രത്യേകിച്ച് എഴുന്നേൽക്കുമ്പോൾ) മൂത്രം ഇരുണ്ട നിറത്തിലും കുറഞ്ഞും കാണുക തുടങ്ങിയവ നിർജലീകരണത്തിന്റെ സൂചനകളാണ്.