un

ന്യൂയോർക്ക് : പാകിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്‌കർ ഇ തായ്‌ബ, ജെയ്‌ഷ് ഇ മുഹമ്മദ് തുടങ്ങിയ നിരോധിത സംഘടനകളുമായി അൽ - ഖ്വയിദയ്ക്കുള്ള ബന്ധം ശക്തമായി തുടരുകയാണെന്നും അഫ്ഗാനിസ്ഥാനിലുണ്ടായ സമീപകാല സംഭവങ്ങൾ തീവ്രവാദ സംഘടനകളെ പുനഃരുജ്ജീവിപ്പിക്കാൻ സഹായിക്കുക മാത്രമാണുണ്ടായതെന്നും യു.എന്നിലെ ഇന്ത്യൻ പ്രതിനിധി ടി.എസ് തിരുമൂർത്തി പറഞ്ഞു. ഗ്ലോബൽ കൗണ്ടർ - ടെററിസം കൗൺസിൽ സംഘടിപ്പിച്ച ഇന്റർനാഷണൽ കൗണ്ടർ - ടെററിസം കോൺഫറൻസ് 2022ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐസിസ് സിറിയയിലും ഇറാഖിലും ആതിപഥ്യം ഉറപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. മാത്രമല്ല, ആഫ്രിക്കയിലും ഏഷ്യയിലേക്കും അവരുടെ പ്രാദേശിക വേരുകൾ വിപുലീകരിക്കുന്നത് ശക്തിപ്പെടുത്തുകയാണ്. ആഫ്രിക്കയിൽ അൽ - ഖ്വയിദയുടെ പ്രാദേശിക സംഘടനകൾ വ്യാപിക്കുകയാണ്.

2001ലെ വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണം ഭീകരതയ്ക്കെതിരെയുള്ള നമ്മുടെ സമീപനത്തിലെ വഴിത്തിരിവായിരുന്നു. ഭീകരവാദം അതീവ ഗൗരവമേറിയതും സാർവത്രികവുമാണെന്നും എല്ലാ യു.എൻ അംഗരാജ്യങ്ങളുടെയും കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ അതിനെ പരാജയപ്പെടുത്താനാകൂ എന്നും അതിലൂടെ നമുക്ക് വ്യക്തമായെന്നും, ഒരിടത്ത് നടക്കുന്ന തീവ്രവാദം മറ്റൊരിടത്തെ സമാധാനത്തെയും സുരക്ഷയേയും നേരിട്ട് ബാധിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

തീവ്രവാദികളെ തരംതിരിക്കുന്ന കാലഘട്ടം അവസാനിച്ചു. തീവ്രവാദത്തിന്റെ എല്ലാ രൂപങ്ങളും അപലപനീയമാണ്. തീവ്രവാദത്തിന് യാതൊരു ന്യായീകരണവും പരിഗണിക്കാനാകില്ല. തീവ്രവാദത്തെ ഒരു മതം, ദേശീയത, നാഗരികത, വംശീയ വിഭാഗം എന്നിവയുമായി ബന്ധപ്പെടുത്തരുത്. രാഷ്ട്രീയവും മതപരവുമായ കാരണങ്ങളെ മുൻനിറുത്തി ഭീകരതയെ തരംതിരിക്കാനുള്ള ചില യു.എൻ അംഗങ്ങളുടെ പ്രവണത അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.