df

മുംബയ്: ഫിൻടെക് കമ്പനിയായ ഭാരത്‌പേയുടെ സഹസ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ അഷ്‌നീർ ഗ്രോവർ മാർച്ച് അവസാനം വരെ സ്വമേധയാ അവധിയിൽ പ്രവേശിച്ചു. ഗ്രോവറിന്റെ അസാന്നിദ്ധ്യത്തിൽ സി.ഇ.ഒ സുഹൈൽ സമീർ കമ്പനിയെ നയിക്കും. കൊടാക് ഗ്രൂപ്പ് ജീവനക്കാർക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയത് വൻ വിവാദമായതാണ് ഗ്രോവറിന്റെ ഇപ്പോഴത്തെ ദീർഘ അവധിക്ക് കാരണമായിരിക്കുന്നത്. കൊടാക് മഹീന്ദ്ര ബാങ്കും ഗ്രോവറിന്റെ ഭാര്യയും തമ്മിലുള്ള വാക്പോര് തുടരുന്നതിനിടെയാണ് ഭാരത് പേ മേധാവിയുടെ അവധി തീരുമാനവും പുറത്തുവരുന്നത്.

വിവാദവുമായി ബന്ധപ്പെട്ട് ഗ്രോവറിനും ഭാര്യ മാധുരിക്കുമെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് നേരത്തെ കൊടാക് മഹീന്ദ്ര ബാങ്ക് വ്യക്തമാക്കിയിരുന്നു. നൈകാ ഇനീഷ്യൽ പബ്ലിക് ഓഫറിൽ (ഐ‌.പി‌.ഒ) തങ്ങൾക്ക് ഓഹരികൾ അനുവദിക്കുന്നതിൽ ബാങ്ക് പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് ഗ്രോവറും ഭാര്യയും ബാങ്കിനെതിരെ രംഗത്ത് വന്നത്. ഇവർ 500 കോടി രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിരുന്നു.