flight

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനെ തുടർന്ന് രാജ്യാന്തര വിമാന സര്‍വീസുകളുടെ വിലക്ക് കേന്ദ്ര വ്യോമയാ മന്ത്രാലയം നീട്ടി. . ഫെബ്രുവരി 28 വരെയാണ് വിലക്ക് നീട്ടിയത്. ഇതുസംബന്ധിച്ച ഉത്തരവ് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ പുറത്തിറക്കി. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) അനുവദിച്ചിട്ടുള്ള പ്രത്യേക സര്‍വീസുകള്‍ക്ക് ഉത്തരവ് ബാധകമല്ല. എയര്‍ബബ്ള്‍ മാനദണ്ഡം പാലിച്ചുള്ള സര്‍വീസുകളും തുടരും. പുതിയ വിലക്ക് അന്താരാഷ്ട്ര ചരക്കു നീക്കത്തേയും ബാധിക്കില്ല.

ഒമിക്രോണ്‍ പടരുന്നത് പരിഗണിച്ച് നേരത്തെ ജനുവരി 31 വരെയാണ് രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ കൊവിഡ് മൂന്നാം തരംഗം രൂക്ഷമായതോടെ വിലക്ക് ഒരു മാസം കൂടി നീട്ടാന്‍ തീരുമാനിക്കുകയായിരുന്നു. കൊവിഡ് ഒന്നാം തരംഗത്തെ തുടര്‍ന്ന് ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചപ്പോഴാണ് ഇന്ത്യ ആദ്യമായി സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. 2020 മാര്‍ച്ചിലായിരുന്നു ഇത്.