kk

ന്യൂഡൽഹി: ഒമിക്രോൺ തരംഗം ഡിസംബർ 11 മുതൽ മൂന്ന് മാസം നീണ്ടുനിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഐ.സി.എം.ആർ ശാസ്ത്രജ്ഞൻ സമീരൻ പാണ്ഡെ. ഡെൽറ്റ വകഭേദത്തെക്കാൾ കൂടുതൽ പേർക്ക്‌ ഒമിക്രോൺ ബാധിക്കുകയും പുതിയ വകഭേദങ്ങൾ ഉണ്ടാകാതിരിക്കുകയും ചെയ്താൽ മാർച്ച് 11ഓടെ കൊവിഡ് അവസാനിക്കുമെന്നാണ് കരുതുന്നതെന്നും പാണ്ഡെ പറഞ്ഞു.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിലെ പകർച്ചവ്യാധി വിഭാഗം തലവനാണ് സമീരൻ പാണ്ഡ. കൊവിഡ് പ്രോട്ടോക്കോൾ ക്യത്യമായി പാലിക്കുകയും ജാഗ്രത കൈവിടാതിരിക്കുകയും ചെയ്‌താൽ പുതിയ വകഭേദങ്ങൾ ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. മുംബയ് , ഡൽഹി എന്നീ നഗരങ്ങളിൽ കേസുകൾ വർദ്ധിക്കുന്നുണ്ടോ എന്നറിയാൻ രണ്ടാഴ്ച കൂടി കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആളുകളുടെ പ്രതിരോധശേഷി ക്രമാനുഗതമായി വർദ്ധിപ്പിക്കുകയാണ് വൈറസിനെ നേരിടാനുള്ള ഉചിത മാർഗമെന്നും അദ്ദേഹം ഓർമിപ്പിച്ചു.