kk


കൊച്ചി; അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലെ വി.ഐ.പി ദിലീപിന്റെ സുഹൃത്ത് ശരത് ജി നായർ തന്നെയാണെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.. ഇനി ബാലചന്ദ്രകുമാർ കൈമാറിയ ശബ്ദ സാമ്പിളുകളിൽ പരാമർശിക്കുന്ന മാഡത്തെ കണ്ടെത്താനുള്ള നീക്കത്തിലാണ് ക്രൈംബ്രാഞ്ച് സംഘം.

എന്നാൽ നേരത്തേ തന്നെ കേസിൽ ഉൾപ്പെടെ 'മാഡത്തെ' തിരിച്ചറിഞ്ഞിരുന്നുവെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്റും ചലച്ചിത്ര നിർമ്മാതാവുമായ ലിബർട്ടി ബഷീർ ചാനൽ ചർച്ചയിൽ വെളിപ്പെടുത്തിയിരുന്നു. കേസിൽ ഒരു സ്ത്രീയാണ് യഥാർത്ഥത്തിൽ ശിക്ഷ അനുഭവിക്കേണ്ടതെന്നും താൻ കുടുങ്ങിയതാണെന്നുമാണ് ബാലചന്ദ്രകുമാർ നൽകിയ ശബ്ദ സാമ്പിളുകളിൽ ദിലീപ് പറയുന്നത്. നേരത്തേ തന്നെ കേസിൽ ഒരു സ്ത്രീക്ക് പങ്കുണ്ടെന്ന തരത്തിലുള്ള ആരോപണങ്ങൾ ഉണ്ടായിരുന്നു. കേസിലെ ഒന്നാം പ്രതി പൾസർ സുനിയും ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. ഇതോടെ സ്ത്രീയുടെ പങ്കിനെ കുറിച്ചുള്ള ചർച്ചകൾ വിവാദമായെങ്കിലും പിന്നീട് അവർക്ക് കേസിൽ വലിയ പങ്കില്ലെന്ന് പൾസർ സുനി തിരുത്തി പറയുകയും ചെയ്തു. ഇതോടെ ഇത് സംബന്ധിച്ചുള്ള അന്വേഷണം നടന്നിരുന്നില്ല.


നേരത്തെ തന്നെ അന്വേഷണ സംഘം മാഡത്തിലേക്ക് എത്തിയതാണെന്നും എന്നാൽ ഭരണകക്ഷിയിലെ ഒരു എം പി ഇടപെട്ട് ആ മാഡത്തെ ഒഴിവാക്കാൻ സർക്കാരിനോട് അപേക്ഷിക്കുകയായിരുന്നുവെന്നുമാണ് ലിബർട്ടി ബഷീർ പറഞ്ഞത്. എം.പി ഇടപെട്ടതിനെ തുടർന്ന് അവരെ കേസിൽ നിന്നും ഒഴിവാക്കുകയായിരുന്നു.. ഇപ്പോഴും ആ മാഡത്തിലേക്ക് അന്വേഷണം എത്താനുള്ള സാദ്ധ്യത ഇല്ലെന്നും ദിലീപിൽ തന്നെ കേസ് അവസാനിക്കുമെന്നും ലിബർട്ടി ബഷീർ പറഞ്ഞു. മാഡത്തിന്റെ പേര് ഞാൻ പറയില്ലെന്നും ലിബർട്ടി ബഷീർ വ്യക്തമാക്കി.

ശരത് ദിലീപിന്റെ വീട്ടിലെ നിത്യ സന്ദർശകനാണ്. ദിലീപ് ഉള്ള എല്ലായിടത്തും ശരത്തും ഉണ്ടാകാറുണ്ട്. പിന്നെ എന്തുകൊണ്ടാണ് ബാലചന്ദ്രകുമാർ ശരതിനെ അന്നേ ദിവസം മാത്രമേ കണ്ടുള്ളൂ എന്ന് പറയുന്നതെന്ന് തനിക്ക് മനസിലാകുന്നില്ല. ബാലചന്ദ്രകുമാർ ഭയം കൊണ്ടാണോ ഇക്കാര്യം പറയാത്തതെന്ന് സംശയം ഉണ്ടെന്നും ലിബർട്ടി ബഷീർ പറഞ്ഞു.

കേസിൽ ശരിക്കും മറ്റൊരു സ്ത്രീയാണ് ഇത് അനുഭവിക്കേണ്ടത്, അവർക്ക് പകരം ഞാൻ പെട്ടുപോയി എന്ന തരത്തിലാണ് ദിലീപ് ഓഡിയോയിൽ പറയുന്നത്. ദിലീപ് ഒരുപക്ഷേ കുറ്റം ചെയ്തിട്ടില്ലേങ്കിൽ കുറ്റം ചെയ്തവർ അദ്ദേഹത്തിന് ഒപ്പം ഉണ്ടെന്ന് തന്നെയാണ് ഓഡിയോയിലെ ആ വാചകങ്ങളിൽ നിന്ന് വ്യക്തമാകുന്നതെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. കേസിൽ ഒരു സ്ത്രീയ്ക്ക് പങ്കുണ്ടെന്നാണ് തന്റേയും നിഗമനമെന്നും അദ്ദേഹം പറഞ്ഞു.