arunachal-pradesh

ന്യൂഡൽഹി: അതിർത്തിയിൽ വീണ്ടും പ്രകോപന നടപടിയുമായി ചൈന രംഗത്ത്. ചൈനീസ് സൈന്യമായ പീപ്പിൾസ് ലിബറേഷൻ ആർമി (പി എൽ എ) അരുണാചൽ പ്രദേശിലെ സിയാംഗ് ജില്ലയിൽ നിന്ന് പതിനേഴുകാരനെ തട്ടിക്കൊണ്ടുപോയി. സംസ്ഥാനത്തെ എം പിയായ തപിർ ഗാവോയാണ് ഇക്കാര്യം സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചത്. ഇരുരാജ്യങ്ങളും തമ്മിൽ അതിർത്തിയിലെ സംഘർഷങ്ങൾ സംബന്ധിച്ച് സൈനികതല ചർച്ചകൾ നടക്കുന്നതിനിടെയാണ് ചൈനയുടെ പുതിയ നീക്കം.

1/2
Chinese #PLA has abducted Sh Miram Taron, 17 years of Zido vill. yesterday 18th Jan 2022 from inside Indian territory, Lungta Jor area (China built 3-4 kms road inside India in 2018) under Siyungla area (Bishing village) of Upper Siang dist, Arunachal Pradesh. pic.twitter.com/ecKzGfgjB7

— Tapir Gao (@TapirGao) January 19, 2022

ലുംഗ്‌താ ജോർ പ്രദേശത്ത് നിന്ന് മിരം തരോൺ എന്ന കൗമാരക്കാരനെയാണ് ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയത്. രണ്ട് ഇന്ത്യൻ പൗരൻമാരെയായിരുന്നു സൈന്യം തട്ടിക്കൊണ്ടുപോയത്. മിരം തരോണിനൊടൊപ്പം പിടികൂടിയ ജോണി യായിംഗ് ചൈനീസ് സൈന്യത്തിന്റെ പക്കൽ നിന്ന് രക്ഷപ്പെട്ടുവന്ന് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഇരുവരും പ്രദേശത്ത് നായാട്ടിൽ ഏർപ്പെട്ടിരിക്കുന്നതിനിടെയാണ് സംഭവം നടന്നത്.

മിരം തരോണിനെ തിരികെയെത്തിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി തപിർ ഗാവോ അറിയിച്ചു. പൊലീസ് ഇതുസംബന്ധിച്ച് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

2020 സെപ്തംബറിലും സമാന രീതിയിൽ ചൈനീസ് സൈന്യം അരുണാചൽ പ്രദേശിൽ നിന്ന് അഞ്ച് ആൺകുട്ടികളെ തട്ടിക്കൊണ്ടുപോയിരുന്നു. ഒരാഴ്ചയ്ക്ക് ശേഷമാണ് ഇവരെ പുറത്തുവിട്ടത്. 2018ൽ ചൈന ഈ പ്രദേശത്ത് അനധികൃമായി റോഡ് നിർമിച്ചിരുന്നു. ഇത് ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷം ഉടലെടുക്കുന്നതിന് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രകോപനവുമായി ചൈന മുന്നോട്ടുവന്നിരിക്കുന്നത്.