farming

കേരളത്തിന്റെ കാർഷിക മേഖലയിലെ മുരടിപ്പിനു കാരണം വ്യക്തമായ പ്ലാനിങ്ങിന്റെ അഭാവമാണ്. കേരളത്തിലെ കാർഷികോത്പന്നങ്ങളുടെ ആവശ്യകത, ലഭ്യത എന്നിവയിൽ വൻ അന്തരം നിലനിൽക്കുന്നു. ഉൽപ്പാദനം, ഉത്പാദനക്ഷമത, ഉൽപ്പാദന ചെലവ് എന്നിവയെക്കുറിച്ചുള്ള യഥാർത്ഥ ഡാറ്റ ലഭ്യമല്ല.

രണ്ടു പതിറ്റാണ്ടിലേറെയായി പ്ലാനിംഗ് വകുപ്പിൽ പ്രവർത്തിച്ച കാർഷിക വിദഗ്ദ്ധർ ബോർഡ് മെമ്പർമാരെയും വകുപ്പദ്ധ്യക്ഷന്മാരെയും നയരൂപീകരണ രംഗത്തു പ്രവർത്തിക്കുന്നവരെയും തെറ്റിദ്ധരിപ്പിച്ചതിന്റെ പരിണിതഫലമാണ് കാർഷികമേഖല അനുഭവിക്കുന്നത്. പച്ചക്കറി, നെല്ല്, ധാന്യങ്ങൾ, നാണ്യവിളകൾ, പാൽ, മുട്ട, ഇറച്ചി, മത്‌സ്യം എന്നിവയുടെ കാര്യത്തിലെല്ലാം ഉത്‌പാദനച്ചെലവുമായി ബന്ധപ്പെട്ട പഠനങ്ങൾ കുറവാണ്.

ആഭ്യന്തര ഉത്‌പാദനം വർദ്ധിപ്പിക്കുന്ന പദ്ധതികളാണാവശ്യം. കർഷകന്റെ താത്‌പര്യത്തിനനുസരിച്ച് വിപണി ലക്ഷ്യമിട്ടുള്ള വിളകൾക്കും ഉത്‌പാദന പ്രക്രിയകൾക്കും പ്രാധാന്യം നൽകണം. തരിശുഭൂമിയിൽ പാട്ടക്കൃഷി വ്യവസ്ഥയിൽ കൃഷി ചെയ്ത് ഉത്‌പാദനം വർധിപ്പിക്കണം. എല്ലാ വിളകളും എല്ലായിടത്തും കൃഷിചെയ്യാൻ ശ്രമിക്കരുത്. ഭൂപ്രകൃതി മനസിലാക്കി കൃഷി ശുപാർശ ചെയ്യണം. ഗുണനിലവാരമുള്ള വിത്തിനങ്ങൾ, നടീൽ വസ്തുക്കൾ എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തണം. ഇടവിളകൃഷി, സമ്മിശ്രകൃഷി, സംയോജിത കൃഷിരീതികൾ എന്നിവ പ്രോത്സാഹിപ്പിക്കപ്പെടണം. കൃഷിയെ ക്ഷീര വികസനം, കോഴി വളർത്തൽ, മൃഗസംരക്ഷണം, മത്സ്യകൃഷി എന്നിവയുമായി സമന്വയിപ്പിക്കണം.

കർഷകരുടെ പ്രശ്നങ്ങൾ മനസിലാക്കിയുള്ള ഗവേഷണം ആവശ്യമാണ്. ഉത്‌പന്നങ്ങൾക്ക് സുസ്ഥിര വില ഉറപ്പുവരുത്തണം. കഴിക്കാവുന്ന റെഡി ടു ഈറ്റ്, റെഡി ടു കുക്ക് ഉത്പന്നങ്ങളുടെ ഓൺലൈൻ വിപണനത്തിൽ വാർഷിക വളർച്ചാനിരക്ക് 20 ശതമാനത്തിലധികമാണ്. ഉത്‌പന്ന വിപണനത്തിനായി ഓൺലൈൻ പ്ലാറ്റുഫോമുകളും ഡെലിവറി മോഡലുകളും കൂടുതലായി രൂപപ്പെട്ടുവരുന്നു. ഈ സാഹചര്യത്തിൽ കാർഷികമേഖലയിൽ കൂടുതൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കണം.
വീട്ടമ്മമാർക്ക് കാർഷിക സാങ്കേതിക, സേവന ഡെലിവറി മോഡലുകളിൽ തൊഴിലവസരം ഉറപ്പാക്കണം. കൂടുതൽ കർഷക
ഉത്പാദക സംഘടനകൾ, ഉത്പാദക കമ്പനികൾ എന്നിവ രൂപീകരിക്കണം.

( ലേഖകൻ ബംഗളൂരു ട്രാൻസ് ഡിസിപ്ലിനറി ഹെൽത്ത്
യൂണിവേഴ്സിറ്റിയിൽ പ്രൊഫസറാണ് )