aravindkejriwalutpal

പനാജി: ഗോവ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി. 34 മണ്ഡലങ്ങളിലേയ്ക്കുള്ള സ്ഥാനാർത്ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്. മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ മകൻ ഉത്പൽ പരീക്കറിന് ഇപ്രാവശ്യം പാർട്ടി സീറ്റ് നൽകിയില്ല. പനാജി മണ്ഡലത്തിൽ നിന്ന് മത്സരിക്കാനാണ് ഉത്പൽ തീരുമാനിച്ചിരുന്നത്. എന്നാൽ ഉത്പലിനു പകരം പനാജി മണ്ഡലത്തിൽ നിന്നും മത്സരിക്കാൻ ബിജെപി തീരുമാനിച്ചത് ബാബുഷ് മൊൺസ്രാട്ടാണ്. മുൻ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പർസേക്കറിനും ഇക്കുറി പട്ടികയിൽ ഇടമില്ല. കഴിഞ്ഞ തവണ കോൺഗ്രസ് സീറ്റിൽ നിന്നും വിജയിച്ച് ബിജെപിയിലേയ്ക്ക് മാറിയ സിറ്റിംഗ് എംഎൽഎ ദയാനന്ദ് സോപ്തയ്ക്കാണ് ഇത്തവണ ബിജെപിയുടെ സീറ്റ്.

അതേസമയം ആം ആദ്മി പാർട്ടിയുടെ ദേശീയ കൺവീനറും ‌ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ ഉത്പൽ പരീക്കറിനെ പാർട്ടിയിലേയ്ക്ക് ക്ഷണിച്ചു. സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഉത്പൽ പരീക്കറെ ബിജെപി ഒഴിവാക്കിയതിന് പിന്നാലെയാണ് ട്വിറ്ററിലൂടെ കേജ്‌രിവാൾ ഇക്കാര്യം അറിയിച്ചത്. പരീക്കർ കുടുംബത്തോട് പോലും ബിജെപി ഇങ്ങനെ അവഗണന കാണിച്ചതിൽ ഗോവയിലെ ജനങ്ങൾക്ക് വിഷമമുണ്ടെന്നും. താൻ എപ്പോഴും അദ്ദേഹത്തെ ബഹുമാനിക്കുന്നുണ്ടെന്നും കേജ്‌രിവാൾ പറഞ്ഞു. എഎപിയിൽ ചേരാനും തെരഞ്ഞെടുപ്പിൽ മത്സരിക്കാനും ഉത്പൽ പരീക്കറിനെ സ്വാഗതം ചെയ്യുന്നെന്നും അദ്ദേഹം അറിയിച്ചു.