
തൃശൂർ: ഒരു നൂറ്റാണ്ട് പ്രായമുളള തൃശൂർ നമ്പൂതിരി വിദ്യാലയത്തിന്റെ ചരിത്രവും പിന്നിട്ട നാൾവഴികളും ഡോക്യുമെന്ററിയാകുന്നു. 1984 മുതൽ സ്‌കൂൾ മാനേജരായിരുന്ന അഡ്വ. സി.കെ.നാരായണൻ നമ്പൂതിരിപ്പാടിലൂടെ ജീവിതത്തിലൂടെ വിദ്യാലയത്തിന്റെ കഥ പറയുന്ന 'ജ്ഞാനസാരഥി' ഡോക്യുമെന്ററിയുടെ ചിത്രീകരണം സ്‌കൂൾ അങ്കണത്തിൽ ആരംഭിച്ചു.
പ്യൂൺ സ്‌കൂൾ ബെൽ മുഴക്കുന്ന രംഗമാണ് ആദ്യം ചിത്രീകരിച്ചത്. അരമണിക്കൂറാണ് ദൈർഘ്യം. എഴുത്തുകാരൻ വി.ആർ. രാജമോഹൻ സ്വിച്ചോൺ നിർവഹിച്ചു. ഹെഡ് മിസ്ട്രസ് വി.കെ.രാധ ക്ലാപ്പടിച്ചു. ഡിജിറ്റൽ ഫിലിം മേക്കേഴ്‌സ് ഫോറം ട്രസ്റ്റിന്റെ ബാനറിൽ സതീഷ് കളത്തിൽ രചനയും ഗാനരചനയും ചിത്രസംയോജനവും സംവിധാനവും നിർവഹിക്കും.
കേരളകൗമുദി തൃശൂർ ബ്യൂറോ ചീഫ് ഭാസി പാങ്ങിൽ തിരക്കഥയൊരുക്കും. ഓൾ ഇന്ത്യ റേഡിയോ മംഗലാപുരം നിലയത്തിന്റെ അസിസ്റ്റന്റ് ഡയറക്‌ടർ ബി. അശോക് കുമാർ ആഖ്യാനം നിർവഹിക്കും. ഛായാഗ്രഹണം: നവീൻകൃഷ്ണ , ഈണം: അഡ്വ. പി.കെ. സജീവ് , ആലാപനം: വിനീത ജോഷി, അസോ.ഡയറക്ടർ: സാജു പുലിക്കോട്ടിൽ, അസോ.കാമറാമാൻ: പി. ഹരികൃഷ്‌ണൻ. നാരായണൻ നമ്പൂതിരിപ്പാടിനുളള സമർപ്പണമായി സ്‌കൂളിലെ അദ്ധ്യാപകരാണ് ചിത്രം നിർമ്മിക്കുന്നത്.