
സംസ്ഥാനത്ത് കൊവിഡിന്റെ അതിതീവ്ര വ്യാപനമാണ് ഉണ്ടായിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് സർക്കാർ. സമ്പൂർണ ലോക്ക്‌ഡൗൺ ഏർപ്പെടുത്തിയിട്ടില്ലെങ്കിലും നാം കൂടുതൽ ജാഗ്രത പുലർത്തേണ്ട സമയമാണിത്. ജാഗ്രത വീട്ടിൽ നിന്നു തന്നെ തുടങ്ങണം. പുറത്ത് നിന്നാണ് രോഗം പ്രധാനമായും പകരുന്നത് എന്നതിനാൽ പുറത്തുപോയി വരുമ്പോൾ അതീവ ശ്രദ്ധ പാലിക്കേണ്ടതുണ്ട്.
ഡോർ ഹാൻഡിൽ, പൈപ്പ് എന്നിവയിൽ രോഗലക്ഷണങ്ങൾ ഉള്ളവർ തൊടുകയാണെങ്കിൽ വാതിൽപ്പിടിയിലും പൈപ്പിലും രോഗാണുക്കൾ സജീവമായി നിൽക്കാം. അതുപോലെ പുറത്തിറങ്ങി രോഗബാധയുള്ളവരുമായി ഇടപഴകിയ ശേഷം ഇവയിൽ തൊടുമ്പോഴും അണുക്കൾ പകരാൻ സാദ്ധ്യതയുണ്ട്. അതിനാൽ പുറത്ത് പോയി വരുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത് കൈകൾ സോപ്പിട്ട് വൃത്തിയാക്കുക എന്നതാണ്. വൈറസ് വ്യാപന സാധ്യതയുള്ള പ്രദേശങ്ങളിൽ ഉള്ളവർ വീട്ടിലെ പൈപ്പുകൾ, ഡോർ ഹാൻഡിലുകൾ, പൊതുവായി സ്പർശിക്കുന്ന ഇടങ്ങൾ എന്നിവ അണുനാശിനിയോ ഡിസ്ഇൻഫെക്ടന്റ് സ്പ്രേയോ ഉപയോഗിച്ച് വൃത്തിയാക്കണം..
രോഗസാധ്യതയുള്ളവർ ഉണ്ടെങ്കിൽ ഗ്ലാസുകൾ, പാത്രങ്ങൾ മുതലായവ പൊതുവായി ഉപയോഗിക്കരുത്. ഇവ നന്നായി വൃത്തിയാക്കുകയും വേണം/. രോഗലക്ഷണങ്ങൾ ഉള്ളവരോ രോഗവ്യാപനസാദ്ധ്യത ഉള്ള പ്രദേശങ്ങളിൽ ഉള്ളവരുമായി ഇടപഴകിയവരോ മൊബൈൽ, ലാപ്‌ടോപ്പ് തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം. കുട്ടികളടക്കം മറ്റുള്ളവർ വ്യക്തിഗത ഇലക്ട്രോണിക് ഉപാധികൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അവയുടെ പ്രതലങ്ങൾ അണുവിമുക്തമാക്കുന്നത് നല്ലതാണ്. അൽപം സാനിറ്റൈസറോ അണുനാശിനിയോ പ്രയോഗിച്ച തുണി കൊണ്ട് തുടച്ചാൽ മതിയാകും.
വീട്ടിലെ നിലം, ഫർണിച്ചറുകൾ, ടീപോയ്, ഊണുമേശ എന്നിവയെല്ലാം ഈ കാലയളവിൽ വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കുക. അണുക്കൾ ഉള്ള പ്രതലത്തിൽ സ്പർശിച്ച ശേഷം കാറിൽ കയറുമ്പോൾ സ്റ്റീയറിംഗിലും അണുക്കൾ പറ്റാം. ഈ പ്രതലങ്ങളും അണുനാശിനി ഉപയോഗിച്ച് തുടയ്ക്കുക. വ്യക്തിശുചിത്വത്തോടൊപ്പം വീടും അകത്തളങ്ങളും വൃത്തിയായി അണുവിമുക്തമായ സൂക്ഷിച്ചാൽ രോഗബാധയിൽ നിന്ന് പരമാവധി ഒഴിവാകാം. .