fish

കുറഞ്ഞ മുതൽ മുടക്ക്, കൂടുതൽ ലാഭം. അലങ്കാര മത്സ്യകൃഷിയാണ് ഈ അസുലഭ സൗഭാഗ്യം കർഷകർക്ക് പ്രദാനം ചെയ്യുന്നത്. സ്ത്രീകൾക്കുപോലും വെറുതേയിരിക്കുന്ന സമയം പ്രയോജനപ്പെടുത്തി മികച്ച വരുമാനം നേടുകയും ആവാം.തുടങ്ങി രണ്ടോ മൂന്നോ മാസം കൊണ്ടുതന്നെ ആദായം ലഭിച്ചുതുടങ്ങുകയും ചെയ്യും. മത്സ്യങ്ങൾ വിൽക്കുന്നതിനൊപ്പം ഫിഷ് ടാങ്കുകൾ. മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവയുടെ വിൽപ്പനയിലൂടെയും കീശ നിറയ്ക്കാം. ശുദ്ധജല ലഭ്യത ഉണ്ടെങ്കിൽ എവിടെയും മത്സ്യകൃഷി തുടങ്ങുകയും ചെയ്യാം.

വിദേശ ഇനങ്ങൾക്കൊപ്പം ധാരാളം നാടൻ ഇനങ്ങളും വിപണിയിലുണ്ടെങ്കിലും വിദേശ ഇനങ്ങളോടാണ് കൂടുതൽപേർക്കും താൽപ്പര്യം. ഇവയെ ഇണക്കിവളർത്താനും ബ്രീഡ് ചെയ്യിക്കാനും എളുപ്പമാണ് എന്നതാണ് കാര്യം. നിങ്ങൾ ബ്രീഡ്ചെയ്യിപ്പിച്ചെടുക്കുന്ന ഗോൾഡ് ഫിഷ് പോലുള്ള വിദേശ ഇനങ്ങൾക്ക് ആവശ്യമായ വലിപ്പവും ഗുണമേന്മയും ഉണ്ടെങ്കിൽ അവ കടൽകടക്കുകയും ചെയ്യും. ഇത്തരം മത്സ്യങ്ങൾ കൈവശമുണ്ടെങ്കിൽ ഏജന്റുമാർ നിങ്ങളെ തേടിയെത്തും. ഗപ്പി, മോളി, ഗോൾഡ് ഫിഷ്,വാൾവാലൻ, ഓസ്കാർ, സക്കറുകൾ ഫൈറ്ററുകൾ തുടങ്ങിയവയാണ് ആവശ്യക്കാർ ഏറെയുള്ള വിദേശ ഇനങ്ങൾ. ഇവയിൽ പ്രസവിക്കുന്നവയും മുട്ടയിടുന്നവയുമുണ്ട്.

fish

മത്സ്യങ്ങളുടെ പ്രജനന രീതിയെക്കുറിച്ചും അവയുടെ ആഹാരരീതിയെപ്പറ്റിയെല്ലാമുള്ള സാമാന്യ അറിവ് കൃഷിക്കാർക്ക് അത്യാവശ്യം വേണ്ടതാണ്. അങ്ങനെയല്ലെങ്കിൽ ചിലപ്പോൾ കാര്യങ്ങൾ പ്രതീക്ഷിച്ചപോലാവില്ല. തുടക്കക്കാരാണെങ്കിൽ വൻകിടയൂണിറ്റുകൾ ആരംഭിക്കാതിരിക്കുന്നതാണ് നല്ലത്. വൻകിട കൃഷിക്ക് സാമ്പത്തിക ഭദ്രതയ്ക്കൊപ്പം മത്സ്യകൃഷിയിൽ നല്ല പരിചയവും അഭികാമ്യമാണ്. തുടക്കക്കാർക്ക് ഗോൾഡ് ഫിഷ് ആണ് മികച്ച ഇനമെന്നാണ് കാർഷിക വിദഗ്ധർ പറയുന്നത്. ഇതിലെ അനുഭവ പരിജ്ഞാനവും ലാഭകരമായ പുരോഗതിയും വിലയിരുത്തിയിട്ടുവേണം അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ. അങ്ങനെയെങ്കിൽ വിജയം ഉറപ്പ്. രണ്ടാമത്തെ ഘട്ടത്തിൽ കമ്പോളത്തിൽ വിപണനസാദ്ധ്യത ഏറെയുള്ള ഇനങ്ങളാണ് തിരഞ്ഞെടുക്കേണ്ടത്. ഇങ്ങനെ ചെയ്താൽ രണ്ടോമൂന്നോ മാസംകൊണ്ട് മുടക്കിയതിന്റെ ഇരട്ടിത്തുക കൈയിലെത്തും. ഈ ഘട്ടത്തി​ൽ ഫിഷ് ടാങ്ക്പോലുള്ള അനുബന്ധ ഉപകരണങ്ങളുടെ വിപണനവും തുട‌ങ്ങാം.

ഇതിലും എടുത്തുചാട്ടംവേണ്ട. കാര്യങ്ങൾ മനസിലാക്കിവേണം മുന്നോട്ടുപോകാൻ. ഫി​ഷ് ടാങ്കുകൾ സ്വയം നി​ർമ്മി​ച്ച് വി​ൽക്കുന്നതായി​രി​ക്കും നന്ന്. ഇവ നി​ർമ്മിക്കുന്നതി​ന് ആവശ്യമായ ഘടകങ്ങൾ വാങ്ങുമ്പോഴും ശ്രദ്ധവേണം. ഫി​ഷ് ഫുഡുകളും മാറ്റും വാങ്ങുമ്പോഴും ആവശ്യക്കാർ ഏറെയുള്ള ഐറ്റം തി​രഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. അല്ലെങ്കി​ൽ നഷ്ടമായി​രി​ക്കും ഫലം.