cash

തിരുവനന്തപുരം: ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കാനുള്ള 'സംരംഭക വര്‍ഷം' പദ്ധതിയുടെ ഭാഗമായി പ്രവാസികള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കുന്നതുള്‍പ്പെടെയുള്ള പ്രത്യേക പദ്ധതി ഒരുങ്ങുന്നു. വ്യവസായ മന്ത്രി പി രാജീവ്, നോര്‍ക്ക എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ പി ശീരാമകൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായി. വരുന്ന സാമ്പത്തിക വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ തുടങ്ങാനാണ് വ്യവസായ വകുപ്പ് പദ്ധതി തയ്യാറാക്കിയത്.

സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി, കേരള ബാങ്ക് എന്നിവരുടെ സഹകരണത്തോടെ കുറഞ്ഞ പലിശ നിരക്കില്‍ പ്രവാസി സംരംഭകര്‍ക്ക് വായ്പ നല്‍കാന്‍ നടപടി സ്വീകരിക്കും. സര്‍ക്കാരിന്റെ പലിശയിളവും നല്‍കാന്‍ ആലോചിക്കുന്നുണ്ട്. ഇതിനകം പ്രവാസികളുടെ നേതൃത്വത്തില്‍ ആരംഭിച്ചത് 3500 എം.എസ്.എം.ഇകളാണ്. ഇത് ഗണ്യമായി ഉയര്‍ത്താനാണ് ശ്രമിക്കുന്നത്.പ്രവാസി സംരംഭകര്‍ക്കായി വ്യവസായ വകുപ്പും നോര്‍ക്കയും ചേര്‍ന്ന് പരിശീലന പരിപാടികള്‍ ഒരുക്കും. പ്രവാസികളുടെ നൈപുണ്യം വ്യവസായങ്ങള്‍ക്കായി ഉപയോഗപ്പെടുത്താനും പരിപാടി തയ്യാറാക്കും. ജില്ലാ വ്യവസായ കേന്ദ്രങ്ങളും നോര്‍ക്ക സംരംഭക സഹായ കേന്ദ്രങ്ങളും ഏകോപിച്ച് ഇതിനുള്ള കര്‍മ്മ പരിപാടി തയ്യാറാക്കാനും തീരുമാനമായി. ഒരു തദ്ദേശ സ്ഥാപനത്തില്‍ ഒരു ഉത്‌പന്നം എന്ന പദ്ധതി പദ്ധതി പ്രകാരം പ്രവാസി സംരംഭകര്‍ക്ക് അവസരങ്ങള്‍ നല്‍കും. സംരംഭങ്ങളുടെ ശ്രേണിയും വലിപ്പവും വര്‍ധിപ്പിക്കുന്നതിനും സംരംഭക വര്‍ഷത്തില്‍ പദ്ധതി തയ്യാറാക്കുമെന്നും വ്യവസായ മന്ത്രി പറഞ്ഞു.