suicide

മലപ്പുറം: പോക്‌സോ കേസിലെ ഇര ആത്മഹത്യ ചെയ്ത സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി. കോഴിക്കോട്, മലപ്പുറം കളക്ടർമാരോടാണ് റിപ്പോർട്ട് തേടിയത്. കുട്ടി ആദ്യം താമസിച്ചിരുന്നത് മലപ്പുറത്തെ തേഞ്ഞിപ്പാലത്താണ്. പിന്നീട് കോഴിക്കോട് ജില്ലയിലെ രാമനാട്ടുകരയിലേക്ക് മാറി. ഇതുകണക്കിലെടുത്താണ് രണ്ട് ജില്ലാ കളക്ടർമാരോടും റിപ്പോർട്ട് തേടിയത്.

സംഭവത്തിൽ ബാലാവകാശ കമ്മീഷൻ ഇന്നലെ സ്വമേധയാ കേസെടുത്തിരുന്നു. മലപ്പുറം, കോഴിക്കോട് ജില്ലാ കളക്ടർമാരോട് റിപ്പോർട്ടും ആവശ്യപ്പെട്ടിട്ടുണ്ട്. പരാതി ലഭിച്ചപ്പോൾ ഇത്തരമൊരു കേസിൽ ഇരയ്ക്ക് നൽകേണ്ട പരിഗണനയിൽ വീഴ്ചയുണ്ടായെന്നാണ് വിലയിരുത്തൽ.

വാടകവീട്ടിലാണ് പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുക്കൾ ഉൾപ്പെടെ ആറു പേരാണ് പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്. ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് കുട്ടിയുടെ ബന്ധുക്കൾ ആരോപിക്കുന്നു.

പലതവണ ആവശ്യപ്പെട്ടിട്ടും മകളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയില്ലെന്നും, രേഖാമൂലം പരാതി നൽകിയിട്ടും തങ്ങളെ ആരും സഹായിക്കാനുണ്ടായിരുന്നില്ലെന്നും പെൺകുട്ടിയുടെ അമ്മ ആരോപിച്ചു.