
ന്യൂഡൽഹി: ഇന്ത്യയുടെ നിത്യജ്വാല എന്നറിയപ്പെടുന്ന അമർ ജവാൻ ജ്യോതി 50 വർഷങ്ങൾക്ക് ശേഷം കെടാനൊരുങ്ങുന്നു. റിപബ്ളിക് ദിനത്തിന് മുന്നോടിയായി ദേശീയ യുദ്ധസ്മാരകത്തിലെ ജ്വാലയുമായി അമർ ജവാൻ ജ്യോതി ലയിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീ കെടുത്തുന്നത്.
ഒന്നാം ലോക മഹായുദ്ധത്തിലും (1914- 1918) മൂന്നാം ആംഗ്ളോ- അഫ്ഗാൻ യുദ്ധത്തിലും (1919) വീരമൃതൃു വരിച്ച സൈനികരെ ആദരിക്കുന്നതിനായി പണികഴിപ്പിച്ച സ്മാരകമാണ് ഇന്ത്യാ ഗേറ്റ്. 42 മീറ്ററാണ് ഇതിന്റെ ഉയരം. ഇതിന്റെ ചുമരുകളിൽ വീരമൃതൃു വരിച്ച സൈനികരുടെ പേരുകൾ ആലേഖനം ചെയ്തിട്ടുണ്ട്.
1972ലാണ് ഇന്ത്യാ ഗേറ്റിൽ അമർ ജവാൻ ജ്യോതി സ്ഥാപിക്കുന്നത്. 1971ലെ ഇന്ത്യാ- പാക് യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ സ്മരണയ്ക്കായാണ് അമർ ജവാൻ ജ്യോതി സ്ഥാപിച്ചിരിക്കുന്നത്. സ്മാരകത്തിൽ തലകീഴായി ഒരു ബയണറ്റും അതിനുമുകളിൽ സൈനികർ ഉപയോഗിക്കുന്ന ഹെൽമറ്റും സ്ഥാപിച്ചിട്ടുണ്ട്. ഇതിന് മുന്നിലായാണ് കെടാവിളക്ക് സ്ഥാപിച്ചിരിക്കുന്നത്. സൈനിക മേധാവികളും സന്ദർശകരുമെല്ലാം ഇവിടെയെത്തി സൈനികർക്ക് ആദരവ് അർപ്പിച്ചിരുന്നു. റിപബ്ളിക് ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അമർ ജവാൻ ജ്യോതിയിൽ ആദരാഞ്ജലി അർപ്പിക്കും.
2019ലാണ് ദേശീയ യുദ്ധ സ്മാരകം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. സ്വാതന്ത്ര്യാനന്തരം രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച സൈനികരുടെയും മറ്റ് പോരാളികളുടെയും സ്മമരണാർത്ഥമാണ് ദേശീയ യുദ്ധ സ്മാരകം നിർമിച്ചത്. ഇന്ത്യാ ഗേറ്റ് സമുച്ചയത്തിൽ 40 ഏക്കറിലാണ് സ്മാരകം പണികഴിപ്പിച്ചിരിക്കുന്നത്. സ്മാരകത്തിന്റെ ചുമരുകളിൽ യുദ്ധത്തിൽ വീരമൃതൃു വരിച്ച സൈനികരുടെ പേരുകൾ കൊത്തിവച്ചിട്ടുണ്ട്. പ്രത്യേക ദിവസങ്ങളിൽ ഇവിടെ പുഷ്പാർച്ചന നടത്തിവരുന്നു.