hridayam

തട്ടത്തിൻ മറയത്ത് എന്ന ആദ്യ ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ എന്ന സംവിധായകനിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്ന ചിലതുണ്ട്. നല്ല സംഗീതം, പ്രണയം, വൈകാരിക സന്ദർഭങ്ങൾ, തമാശ, അങ്ങനെ മൊത്തത്തിൽ ഒന്ന് റിലാക്സ്ഡ് ആയി കാണാൻ പറ്റുന്ന ചിത്രമാകും എന്ന പ്രതീക്ഷ. ഇത്രയും നാൾ ആ മിനിമം ഗ്യാരന്റി അങ്ങനെ തന്നെ നിലനിറുത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുമുണ്ട്. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഹൃദയം ഇത്തരത്തിൽ പ്രേക്ഷകർ ഏറെ നാളായി കാത്തിരുന്ന ചിത്രമാണ്. സിനിമയിലെ ഓരോ ഗാനങ്ങളും ട്രെയ്‌ലറും ലഭിച്ച സ്വീകരണം അത് ശരി വയ്ക്കുന്നതായിരുന്നു. സിനിമ ഈ പ്രതീക്ഷകൾക്കൊത്ത് ഉയർന്നോ എന്ന് പരിശോധിക്കാം.

hridayam

അരുൺ നീലകണ്ഠന്റെ (പ്രണവ്) കോളേജ് ജീവിതത്തിന്റെ തുടക്കം മുതലാണ് കഥാരംഭം. എഞ്ചിനീയറിംഗ് പഠിക്കാൻ ചെന്നൈയിലെത്തുന്ന അരുൺ കണ്ട് മുട്ടുന്ന സഹപാഠികളും സീനിയർസും റാഗിങ്ങും സപ്ളിയും പ്രണയവും, അങ്ങനെ ഏതൊരു ക്യാമ്പസ് സിനിമയിലും കാണുന്നതൊക്കെ തന്നെയാണ് ഹൃദയത്തിന്റെ ആദ്യ പകുതിയിലും കാണിക്കുന്നത്. ഇതൊക്കെ പ്രേക്ഷകർക്ക് രസിക്കും വിധം നല്ല മ്യൂസിക്കിന്റെ അകമ്പടിയോടെ വിനീത് ഒരുക്കിയിട്ടുണ്ട്. ചില വൺ ലൈനെറുകളിലൂടെ ചിരിപ്പിക്കാനും ചിത്രത്തിന് കഴിയുന്നുണ്ട്. അരുണിന്റെ കോളേജ് ജീവിതത്തിന്റെ അവസാനത്തോടെ ചിത്രത്തിന്റെ ആദ്യ പകുതിയും അവസാനിക്കുന്നു.

സിനിമയിലെ നായകനൊപ്പം ഒരു യാത്രയിലാണ് പ്രേക്ഷകനും. നല്ല രീതിക്ക് അവതരിപ്പിക്കുന്ന കമിങ്-ഓഫ്-ഏജ് സിനിമകളിൽ പ്രേക്ഷകന് ആ യാത്ര നല്ലൊരു അനുഭവമാകാറാണ് പതിവ്. ചിലയിടത്ത് വൈകാരിക സീൻ അല്പം ഓവർ ആയില്ലേ എന്ന തോന്നലുണ്ടാക്കാം. എന്നാൽ അധികം താമസിയാതെ സിനിമയെ നല്ല ട്രാക്കിലാക്കാൻ വിനീതിന് കഴിയുന്നുണ്ട്. ഇതിന് ചിത്രത്തിന്റെ സംഗീതത്തിന് വലിയൊരു പങ്കുണ്ട്. ഹിഷാം അബ്ദുൾ വഹാബ് എന്ന സംഗീതജ്ഞൻ ഇനിയും ഉയരങ്ങൾ താണ്ടും എന്നതിൽ യാതൊരു സംശയവുമില്ല എന്ന് ഇതിലെ ഗാനങ്ങൾ തെളിയിക്കും. മ്യൂസിക്കിന്റെ പ്ലേസിങ്ങും മികച്ചതാണ്.

hridayam

ചിത്രത്തിന്റെ ആദ്യ പകുതിയിൽ കോളേജ് പ്രണയ നായികയായ ദർശനയും (ദർശന രാജേന്ദ്രൻ) അരുണും തമ്മിലുള്ള ബന്ധം അധിക നാൾ നീണ്ടു നിന്നിരുന്നില്ല. നഷ്ടപ്രണയത്തിന്റെ വേദന തുടർന്ന് സിനിമയിൽ ഉടനീളമുണ്ട്. ആ വേദന ദര്ശനയും അരുണും അനുഭവിക്കുന്നുണ്ട്. കോളേജ് ജീവിതം കഴിഞ്ഞു കുറെ വർഷങ്ങൾക്ക് ശേഷമാണ് നായകന്റെ ജീവിതത്തിൽ വീണ്ടും പ്രണയം മൊട്ടിടുന്നത്. തട്ടത്തിൻ മറയത്തിലെ അയിഷയെ അവതരിപ്പിച്ച പോലെ അതിസുന്ദരിയായാണ് നിത്യ(കല്യാണി)യെയും വിനീത് അവതരിപ്പിച്ചിരിക്കുന്നത്. നിത്യയെയും അരുണും കമിതാക്കളാകുന്നു. അവിടന്നങ്ങോട്ട് അവരുടെ കഥയാണ് ചിത്രത്തിൽ.

hridayam

പ്രണവിന്റെ അഭിനയ ജീവിതത്തിലെ തന്നെ മികച്ച പ്രകടനങ്ങളിൽ ഒന്നാണ് 'ഹൃദയ'ത്തിലേത് എന്ന് നിസ്സംശയം പറയാം. കല്യാണി തന്റെ ഫൺ ക്യാരക്റ്റർ നന്നായി അവതരിപ്പിച്ചു. ദർശനയുൾപ്പടെയുള്ള മറ്റു അഭിനേതാക്കളും അവരുടെ ഭാഗം നന്നാക്കിയിട്ടുണ്ട്.

ഓരോ ബന്ധങ്ങളിലൂടെയും ജീവിതത്തിലെ ഓരോ പാഠങ്ങൾ പഠിക്കുകയാണ് കഥാനായകൻ. പ്രണയം സൗഹൃദം കുടുംബം അധ്യയനം തുടങ്ങി എല്ലാം അയാളിലെ മനുഷ്യനെ സ്വാധീനിക്കുന്നുണ്ട്. ഈ ബന്ധങ്ങളും ഓർമ്മകളുമാണ് നമ്മളിലൊരുത്തരെയും സൃഷ്ടിക്കുന്നത് എന്ന് ഹൃദ്യമായി 'ഹൃദയ'ത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. നൊസ്റ്റാൾജിയ എന്ന വലിയൊരു ആയുധം രാകി മിനുക്കി അവതരിപ്പിക്കാൻ കഴിഞ്ഞ് എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ സെല്ലിങ് പോയിന്റ്. അത് എഴുത്തിലെ പല കുറവുകളേയും മറച്ചുപിടിക്കാൻ സഹായകമാകുന്നു. പ്രണയത്തെ കവച്ചു വെക്കുന്ന സൗഹൃദങ്ങളും മനോഹരമായ സംഗീതവും മികച്ച ഫ്രെയിമുകളും ചേർന്ന് 'ഹൃദയം' നല്ലൊരു അനുഭവമാക്കുന്നു.