
തിരുവനന്തപുരം: കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കി. സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക മത-സാമുദായികപരമായ പൊതുചടങ്ങുകൾക്ക് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പൊതുചടങ്ങുകൾക്കോ യോഗങ്ങൾക്കോ ഏതെങ്കിലും അധികാരി അനുമതി നൽകിയിട്ടുണ്ടെങ്കിൽ അത് റദ്ദാക്കുന്നതായും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്‌ടർ ഉത്തരവിറക്കി.
വിവാഹ, മരണാനന്തര ചടങ്ങുകൾക്ക് 20 പേർ മാത്രമേ പങ്കെടുക്കാൻ പാടുള്ളു. ആരാധനാലയങ്ങളിലെ പ്രാർത്ഥനകളും മറ്റ് ചടങ്ങുകളും ഓൺലൈനായി നടത്തണം. മാളുകളിലെ കളിസ്ഥലങ്ങൾ പൂർണമായും അടച്ചിടണം. ഒൻപത് വരെയുള്ള ക്ലാസുകൾ ഓൺലൈനായും 10 മുതൽ 12 വരെയുള്ള ക്ലാസുകൾ ഓഫ്‌ലൈനായും നടത്താവുന്നതാണ്.
ബഡ്സ് സ്‌കൂളുകൾക്കും തെറാപ്പികളുമായി ബന്ധപ്പെട്ട് നടത്തുന്ന സ്‌പെഷൽ സ്‌കൂളുകൾക്കും ഓഫ്‌ലൈൻ ക്ലാസുകൾ നടത്താം. എന്നാൽ ഇവിടങ്ങളിൽ ക്ലസ്റ്റർ രൂപപ്പെട്ടാൽ 15 ദിവസത്തേക്ക് അടച്ചിടണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവിൽ നിർദേശിക്കുന്നു. ജനുവരി 23, 30 തിയതികളിൽ അവശ്യസർവീസുകൾക്ക് മാത്രമാണ് പ്രവർത്തനാനുമതി നൽകിയിട്ടുള്ളത്.