
ന്യൂയോർക്ക് : അമേരിക്കയിൽ ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഇരു വൃക്കകളും മസ്തിഷ്ക മരണം സംഭവിച്ച വ്യക്തിയിലേക്ക് വിജയകരമായി മാറ്റിവച്ചു. 57കാരനായ ജിം പാഴ്സൺസ് എന്നയാളുടെ ശരീരത്തിലാണ് അലബാമ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ പന്നിയുടെ വൃക്കകൾ വച്ചുപിടിപ്പിച്ചത്.
കഴിഞ്ഞ സെപ്റ്റംബറിൽ ബൈക്ക് അപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിലായിരുന്ന ജിമ്മിന് മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. ജിമ്മിന്റെ കുടുംബാംഗങ്ങളുടെ അനുമതിയോടെയാണ് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നത്. ജിമ്മിന്റെ വൃക്കകൾ നീക്കം ചെയ്ത ശേഷമാണ് ആ സ്ഥാനത്ത് പന്നിയുടെ വൃക്കകൾ വച്ചുപിടിപ്പിച്ചത്. 77 മണിക്കൂർ നീണ്ട പരീക്ഷണ സമയത്തിൽ പന്നിയുടെ വൃക്കകളെ മനുഷ്യ ശരീരം തിരസ്കരിച്ചില്ലെന്ന് ഗവേഷകർ പറയുന്നു.
സെപ്റ്റംബർ 30ന് നടന്ന പരീക്ഷണത്തിന്റെ റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. മനുഷ്യ ശരീരവുമായി പൊരുത്തപ്പെടാത്ത തരത്തിലെ നിരവധി ജീനുകളെ ഒഴിവാക്കിയും മനുഷ്യ ജീനുകളെ ഉൾപ്പെടുത്തിയുമാണ് പന്നിയിൽ ജനിതകമാറ്റം വരുത്തുന്നത്. പന്നിയുടെ ഹൃദയത്തിനും വൃക്കകൾക്കും മനുഷ്യന്റേതിന് സമാനമായ വലിപ്പവും ഘടനയുമായതിനാലാണ് അവയെ അവയവമാറ്റത്തിനായി തിരഞ്ഞെടുക്കുന്നത്.
ശസ്ത്രക്രിയയ്ക്ക് ശേഷം 23 മിനിറ്റിനുള്ളിൽ വൃക്ക ശരീരത്തിൽ പ്രവർത്തിച്ചു തുടങ്ങിയെന്നാണ് റിപ്പോർട്ട്. അതേ സമയം, ഇതാദ്യമായല്ല പന്നിയുടെ വൃക്ക മനുഷ്യനിൽ വച്ചുപിടിപ്പിക്കുന്നത്. 2021 സെപ്റ്റംബർ 25ന് പന്നിയുടെ ഒരു വൃക്ക മസ്തിഷ്ക മരണം സംഭവിച്ച രോഗിയിൽ വിജയകരമായി വച്ചുപിടിപ്പിച്ചതായി ന്യൂയോർക്കിലെ ഗവേഷകർ അറിയിച്ചിരുന്നു.
ഈ മാസം 7ന് ലോകത്താദ്യമായി മേരിലാൻഡിലുള്ള ബാൾട്ടിമോറിൽ ഡേവിഡ് ബെന്നറ്റ് എന്ന 57കാരന് ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മാറ്റിവച്ചിരുന്നു. പന്നികളുടെ ഹൃദയവാൽവുകൾ ഹൃദ്രോഗികളിൽ പരീക്ഷിച്ച് വരുന്നുണ്ട്. കൂടാതെ, പ്രമേഹരോഗികളിൽ പന്നികളുടെ പാൻക്രിയാസ് സെല്ലുകളും പൊള്ളലേറ്റവർക്ക് സ്കിൻ ഗ്രാഫ്റ്റിംഗിന് പന്നിയുടെ ചർമ്മം താത്കാലികമായും നേരത്തെ മാറ്റിവച്ചിട്ടുണ്ട്.