dgttty

വിഴിഞ്ഞം: മുട്ടയ്‌ക്കാട് ചിറയിൽ 14കാരിയെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കോവളം പൊലീസ് തുടരന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്‌തത്. പെൺകുട്ടിയെ പീഡനത്തിനിരയാക്കിയെന്ന മൊഴിയെ തുടർന്ന് ഷഫീക്കിനെതിരെ പോക്‌സോ കേസെടുത്തു.

ഇക്കാര്യം മറച്ചുവച്ചതിനാണ് റഫീഖാബീവി,​ അൽഅമീൻ എന്നിവർക്കെതിരെ പോക്‌സോ കേസെടുത്തത്. പെൺകുട്ടിയുടെ അയൽവാസികളായിരുന്ന ഷഫീക്കും റഫീഖാബീവിയും പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ തലപിടിച്ച് ചുമരിലിടിക്കുകയും ചെയ്‌തു. അബോധാവസ്ഥയിലായശേഷം ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

മുല്ലൂരിൽ വൃദ്ധ കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ മൂന്നുപേരെയും ചോദ്യം ചെയ്‌തതിൽ നിന്നാണ് കുട്ടിയെയും കൊലപ്പെടുത്തിയെന്ന് കണ്ടെത്തിയത്. ഇവരുടെ കുറ്റസമ്മത മൊഴി വിഴിഞ്ഞം പൊലീസ് കൈമാറിയതിനെ തുടർന്നാണ്
കോവളം പൊലീസ് പ്രതികൾക്കെതിരെ രണ്ട് കേസുകൾ രജിസ്റ്രർ ചെയ്‌തത്.

കുട്ടിയുടെ കൊലപാതകത്തിന്റെ തുടരന്വേഷണത്തിനായി ഫോർട്ട് അസി.കമ്മിഷണർ എസ്. ഷാജിയുടെ നേതൃത്വത്തിൽ പ്രത്യേക ടീമിനെയാണ് നിയോഗിച്ചിരിക്കുന്നത്. കോവളം എസ്.എച്ച്.ഒ ജി പ്രൈജുവിനാണ് അന്വേഷണച്ചുമതല.