
ബെംഗളൂരു: അഭിനേത്രി സാമന്ത രൂത്ത് പ്രഭു തന്റെ മുൻ ഭർത്താവ് നാഗചൈതന്യയുമായി അടുക്കുകയാണെന്ന് അഭ്യൂഹങ്ങൾ ശക്തമാകുന്നു. നാഗചൈതന്യയുമായുള്ള ബന്ധം വേർപ്പെടുത്തുകയാണെന്ന് ആരാധകരെ അറിയിക്കുന്നതിന് വേണ്ടി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റ് സാമന്ത ഡിലീറ്റ് ചെയ്തതോടെയാണ് താരദമ്പതികൾ വീണ്ടും അടുക്കുകയാണോയെന്ന് അഭ്യൂഹം ആരാധകർക്കിടയിൽ ചർച്ചയായത്. അതേസമയം ഇതേകാര്യം അറിയിച്ച് കൊണ്ട് നാഗചൈതന്യ ഇട്ട പോസ്റ്റ് ഇപ്പോഴും ഇൻസ്റ്റാഗ്രാമിൽ കിടപ്പുണ്ട്.
എന്നാൽ താരദമ്പതികൾ വീണ്ടും അടുക്കുന്നെന്ന വാർത്തകൾ സത്യമല്ലെന്ന് ഇരുവരുടേയും സുഹൃത്തുക്കൾ വ്യക്തമാക്കി. തനിക്ക് ആവശ്യമില്ലെന്ന് തോന്നിയ പോസ്റ്റുകൾ ഡിലീറ്റ് ചെയ്തതിന്റെ കൂട്ടത്തിൽ സാമന്ത ഈ പോസ്റ്റും വേണ്ടെന്ന് വച്ചതാണെന്നും മറിച്ചുള്ള വാർത്തകൾ ശരിയല്ലെന്നും ഇവർ പറഞ്ഞു.
മൂന്ന് മാസം മുമ്പാണ് താരദമ്പതികൾ വിവാഹബന്ധം വേർപെടുത്തുകയാണെന്ന വിവരം പുറംലോകത്തെ അറിയിച്ചത്. എട്ടുവർഷം നീണ്ട പ്രണയജീവിതത്തിന് ശേഷം 2017ലാണ് ഇരുവരും വിവാഹം കഴിക്കുന്നത്. എന്നാൽ നാലു വർഷത്തിന് ശേഷം പരസ്പര സമ്മതതോടെ പിരിയുകയായിരുന്നു.