america-border

ടൊറന്റോ: അമേരിക്ക - കാനഡ അതിർത്തിയിൽ പിഞ്ചുകുഞ്ഞുൾപ്പെടെയുള്ള നാലംഗ ഇന്ത്യൻ കുടുംബത്തെ കൊടുംതണുപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. കാനഡ - അമേരിക്ക അതിർത്തിയിൽ കാനഡയുടെ ഭാഗത്താണ് കുടുംബത്തെ കണ്ടെത്തിയത്. ഇവരുടെ വ്യക്തിവിവരങ്ങൾ ലഭ്യമല്ലെങ്കിലും ഇന്ത്യൻ കുടുംബം ആണെന്ന് അധികൃതർ അറിയിച്ചു. അനധികൃതമായി കാനഡ വഴി അമേരിക്കൻ അതിർത്തി കടക്കാനുള്ള ശ്രമത്തിൽ കൊടുംതണുപ്പിൽപെട്ട് മരണമടഞ്ഞതാണെന്ന് കരുതുന്നതായി അമേരിക്കൻ അധികൃതർ മാദ്ധ്യമങ്ങളോട് പറഞ്ഞു.

കുറ്റവാളികളെ പോലെയല്ല മറിച്ച് മനുഷ്യകടത്തിന്റെ ഇരകളായാണ് മരണമടഞ്ഞ കുടുംബാംഗങ്ങളെ കാണുന്നതെന്ന് അസിസ്റ്റന്റ് കമ്മീഷണർ ജെയിൻ മക്‌ലാച്ചി മാദ്ധ്യമങ്ങളെ അറിയിച്ചു. ഈ കുടുംബം ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നെന്നും മിക്കവാറും ഏതെങ്കിലും മനുഷ്യക‌ടത്ത് സംഘത്തിന്റെ ചതിയിൽപെട്ടതാകാം ഇവരെന്നും ജെയിൻ പറഞ്ഞു.

കാനഡ അതിർത്തി വഴി ഒരു സംഘം ആൾക്കാ‌ർ അമേരിക്കയിലേക്ക് കടക്കാൻ ശ്രമിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതനുസരിച്ച് നടത്തിയ തെരച്ചിലിലാണ് നാലംഗ ഇന്ത്യൻ കുടുംബത്തെ മരിച്ചനിലയിൽ കണ്ടെത്തിയത്.