dileep

കൊച്ചി: വധഗൂഢാലോചനക്കേസിൽ നടൻ ദിലീപിന് ഇന്ന് നി‌ർണ്ണായക ദിനം. ഹൈക്കോടതിയുടെ പരിഗണനയിലുള്ള മുൻകൂർ ജാമ്യാപേക്ഷയിന്മേൽ എന്ത് വിധിയുണ്ടായാലും ദിലീപ് അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യശരങ്ങളെ നേരിടേണ്ടി വരും. ജാമ്യാപേക്ഷ തള്ളിയാൽ അറസ്റ്റ് ഉറപ്പാണ്.

വിധി ദിലീപിന് അനുകൂലമായാൽ വിളിച്ചുവരുത്തി ചോദ്യംചെയ്യും. ചോദ്യാവലി നേരത്തേ തയ്യാറാക്കിയിട്ടുണ്ട്. വിളിച്ചുവരുത്തി ചോദ്യംചെയ്യൽ രണ്ട് ദിവസത്തിലധികം നീണ്ടേക്കാം. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ സുപ്രധാനമായ വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളിലെല്ലാം ദിലീപിൽനിന്ന് വ്യക്തത വരുത്തേണ്ടതുണ്ട്.

ദിലീപിനെ ഒന്നാംപ്രതിയാക്കി രജിസ്റ്റർചെയ്ത കേസിൽ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. അപ്പു, ബൈജു ചെങ്ങമനാട്, ശരത് എന്നിവരാണ് നാലും അഞ്ചും ആറും പ്രതികൾ. അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ പ്രതി ക്രിമിനൽ ഗൂഢാലോചന നടത്തിയ സംഭവം സംസ്ഥാനത്ത് ആദ്യമാണ്.

അന്വേഷണം @ ആലപ്പുഴ

നടിയെ ആക്രമിച്ച കേസിൽ അന്വേഷണം ആലപ്പുഴ കേന്ദ്രീകരിച്ച്. അപകീ‌ർത്തികരമായ ദൃശ്യം ദിലീപിന് കൈമാറിയ വി.ഐ.പി ശരത് ആലപ്പുഴയിൽ നിന്നാണ് ദിലീപിന്റെ വീട്ടിലേക്ക് വന്നതെന്നാണ് സംശയിക്കുന്നത്. കേസിലെ ഒന്നാംപ്രതി പൾസ‌‌‌ർ സുനി ഓട്ടോയിൽ പൊലീസിനെ വെട്ടിച്ച് കടന്നത് ആലപ്പുഴയിലേക്കാണ്. കീഴടങ്ങാൻ എത്തിയതും അവിടെ നിന്നു തന്നെ.