election

ലക്‌നൗ: സമാജ് വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് മെയിന്‍പുരി ജില്ലയിലെ കര്‍ഹാല്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും. അസംഗഢ് ജില്ലയിലെ ഗോപാൽപൂരിൽ നിന്ന് അദ്ദേഹം മത്സരിക്കുമെന്ന ചർച്ചകൾക്ക് പിന്നാലെയാണ് പുതിയ തീരുമാനം പുറത്ത് വന്നത്.

ആദ്യമായിട്ടാണ് അഖിലേഷ് യാദവ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. അസംഗഡില്‍ നിന്നുള്ള ലോക്‌സഭാ അംഗമാണ് നിലവില്‍ അഖിലേഷ്. 2012-ല്‍ മുഖ്യമന്ത്രിയായ അഖിലേഷ് ലെജിസ്ലേറ്റീവ് കൗണ്‍സിലിലൂടെയാണ് സഭയിലെത്തിയത്. മെയിന്‍പുരി സദര്‍, ചിബ്രമാവു, ഗുന്നൗര്‍ എന്നിവിടങ്ങളിലും അഖിലേഷ് യാദവിന്റെ പേര് ഉയർന്ന് കേട്ടതിന് പിന്നാലെയാണ് അദ്ദേഹം കര്‍ഹാലിൽ മത്സരിക്കുമെന്ന് തീരുമാനിച്ചത്.

സമാജ്‌വാദി പാർട്ടിയുടെ പ്രധാന ശക്തികേന്ദ്രങ്ങളിൽ ഒന്നാണ് കർഹാൽ. 1993 മുതല്‍ ഏഴ് തവണ എസ്പി സ്ഥാനാര്‍ഥികള്‍ ഈ സീറ്റില്‍ വിജയിച്ചിട്ടുണ്ട്. സൊബ്രാന്‍ സിംഗ് യാദവാണ് നിലവിലെ എംഎല്‍എ. എന്നാൽ 2002-ല്‍ ബിജെപി കര്‍ഹാലിൽ വിജയം നേടിയിരുന്നു.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗൊരഖ്പുര്‍ അര്‍ബനില്‍ നിന്നാണ് മത്സരിക്കുന്നത് . സമാജ് വാദി പാര്‍ട്ടി നേതാവ് ചന്ദ്ര ശേഖര്‍ ആസാദ് ഇവിടെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.