
കൊല്ലം: വിസ്മയയുടെ ആത്മഹത്യയിൽ ഭർത്താവ് കിരണിനെതിരെ നിർണായക തെളിവായി ഫോൺ റെക്കോർഡുകൾ. സ്വന്തം ഫോണിലെ റെക്കോർഡുകൾ തന്നെയാണ് പ്രതിക്ക് കുരുക്കായത്. വിസ്മയയുടെ കുടുംബം സ്ത്രീധന പീഡന പരാതി നൽകിയാൽ, വിസ്മയയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് പ്രചരിപ്പിക്കാനായിരുന്നു ഇയാളുടെ പദ്ധതി. ഇതുതെളിയിക്കുന്ന ഫോൺ സംഭാഷണമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
കിരണും, ഇയാളുടെ സഹോദരിയുടെ ഭർത്താവ് മുകേഷും തമ്മിൽ നടന്ന ഫോൺ സംഭാഷണം പ്രോസിക്യൂഷൻ വിചാരണ കോടതിയിൽ ഹാജരാക്കി. വിസ്മയയുടെ അമ്മയെ വിസ്തരിക്കുമ്പോഴാണ് പ്രോസിക്യൂഷൻ ഫോൺ സംഭാഷണം ഹാജരാക്കിയത്.
വിസ്മയയുടെ കുടുംബം പരാതി നൽകിയാൽ അവൾക്ക് വിവാഹേതര ബന്ധങ്ങളുണ്ടെന്ന് കഥയടിച്ചിറക്കാം എന്നാണ് കിരൺ പറയുന്നത്. വിസ്മയയെ അവളുടെ വീട്ടിൽവച്ചും മർദ്ദിച്ചിട്ടുണ്ടെന്നും, വണ്ടിയിൽ വച്ച് ഇടയ്ക്ക് ഒരെണ്ണം കൊടുത്തെന്നും ഇയാൾ അളിയനോട് പറയുന്നു.
കിരണിന്റെ ഫോണിലെ എല്ലാ സംഭാഷണങ്ങളും ഒട്ടോമാറ്റിക്കായി റിക്കോർഡ് ചെയ്യപ്പെട്ടിരുന്നു. ഇക്കാര്യം പ്രതി അറിഞ്ഞിരുന്നില്ല. വിസ്മയ മരിച്ച ശേഷം ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ച ഘട്ടത്തിലാണ് ഈ സംഭാഷണങ്ങളെല്ലാം അന്വേഷണ ഉദ്യോഗസ്ഥർക്ക് കിട്ടിയത്.