cowin-portal

ന്യൂഡൽഹി: കൊവിഡ് വാക്സിൻ വിതരണത്തിനായി ആരംഭിച്ച കോവിൻ പോർട്ടലിൽ നിന്ന് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. എല്ലാ ഉപയോക്താക്കളുടേയും വിവരങ്ങള്‍ പോര്‍ട്ടലില്‍ സുരക്ഷിതമാണെന്നും കേന്ദ്രം അറിയിച്ചു.

കോവിന്‍ പോര്‍ട്ടലില്‍ നിന്നും ഡാറ്റ ചോരുന്നതായി ചില റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്ന വ്യക്തികളുടെ മേല്‍വിലാസമോ ആര്‍ടിപിസിആര്‍ പരിശോധന ഫലങ്ങളോ ചോരുന്നില്ലെന്ന് പ്രഥമദൃഷ്ട്യാ തെളിഞ്ഞെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൂടാതെ ഉപയോക്താക്കളുടെ വിവരങ്ങൾ എവിടേയും സ്ഥിരമായി ശേഖരിക്കപ്പെടുന്നില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

അതേസമയം കോവിൻ പോർട്ടലിൽ ഒരു നമ്പറില്‍ നിന്നുള്ള വാക്സിന്‍ ബുക്കിംഗ് പരിധി ഉയര്‍ത്തി. ഇപ്പോൾ ഒരു നമ്പർ ഉപയോഗിച്ച് ആറ് അംഗങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. വാക്സിനേഷന്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം.