united-states

വാഷിംഗ്‌ടൺ: വീടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ട നാൽപ്പത്തിയൊൻപതുകാരന്റെ വീട്ടിൽ പൊലീസ് കണ്ടെത്തിയത് ഉഗ്രവിഷമുള്ള കോബ്ര, കറുത്ത മാംമ്പാസ് ഉൾപ്പടെ 125ൽപരം പാമ്പുകൾ. യു എസിലെ മെറിലാൻഡിൽ ചാൾസ് കൗണ്ടിയിലാണ് സംഭവം.

വീട്ടുടമയെ പുറത്ത് കാണാതായതിനെത്തുടർന്ന് അയൽക്കാരൻ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് തറയിൽ അബോധാവസ്ഥയിൽ കിടക്കുന്നതായി കണ്ടത്. തുടർന്ന് അയൽക്കാരൻ പൊലീസിൽ വിവരമറിയിച്ചു. പിന്നാലെ പൊലീസ് വീട്ടിലെത്തി പരിശോധിച്ചപ്പോൾ മദ്ധ്യവയസ്ക്കൻ മരണപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. ഇയാളുടെ മൃതദേഹത്തിന് ചുറ്റുമായി 14 അടിയുള്ള മഞ്ഞ ബർമീസ് പെരുമ്പാമ്പ് ഉൾപ്പടെ 125 പാമ്പുകൾ ഉണ്ടായിരുന്നതായി പൊലീസ് വെളിപ്പെടുത്തി.

മദ്ധ്യവയസ്ക്കന്റെ മ‌ൃതദേഹം ബാൾട്ടിമോറിലെ മുഖ്യ മെഡിക്കൽ ഓഫീസറുടെ കാര്യാലയത്തിലേയ്ക്ക് പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി. ഇയാളുടെ വീട്ടിൽ കണ്ടെത്തിയ 125 പാമ്പുകളെയും സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയതായി ചാൾസ് കൗണ്ടിയിലെ മൃഗസംരക്ഷണ വകുപ്പിന്റെ വക്താവായ ജെന്നിഫർ ഹാരിസ് അറിയിച്ചു. സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർ ഭയക്കേണ്ടതില്ലെന്നും എല്ലാ പാമ്പുകളെയും സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയിട്ടുണ്ടെന്നും ഇവ രക്ഷപ്പെട്ട് പോയതായി കരുതുന്നില്ലെന്നും ജെന്നിഫർ ഹാരിസ് പറഞ്ഞു.