temple

വ്യത്യസ്തമായ നിരവധി ആചാരങ്ങളും ഐതിഹ്യങ്ങളും നിറഞ്ഞ് നിൽക്കുന്ന ഭാരതത്തിലെ ഒരു ക്ഷേത്രമാണ് ജരണി നരസിംഹ സ്വാമി ക്ഷേത്രം. കര്‍ണ്ണാടകയിലെ ബിദറിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പുരാണങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന വിചിത്രങ്ങളായ കഥകളും മിത്തുകളുമാണ് ഈ ക്ഷേത്രത്തിനും, ഇവിടത്തെ പ്രതിഷ്ഠക്കും പിന്നിൽ. ഗുഹയില്‍ സ്ഥിതി ചെയ്യുന്നു എന്നതാണ് ഈ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. വെള്ളം നിറഞ്ഞു നില്‍ക്കുന്ന തുരങ്കത്തിനുള്ളിലൂടെ പോയാല്‍ മാത്രമേ ഇവിടത്തെ നരസിംഹ പ്രതിഷ്ഠയെ കാണാന്‍ സാധിക്കുകയുള്ളൂ.

ഐതിഹ്യം

മഹാവിഷ്ണുവിന്റെ അവതാരങ്ങളിൽ ഒന്നായ നരസിംഹമാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ഈ ക്ഷേത്രത്തിന്റെ ഐതിഹ്യം ഇങ്ങനെയാണ്. ഹിരണ്യകശിപുവിനെ കൊല്ലാനായി മഹാവിഷ്ണു നരസിംഹ അവതാരമെടുത്തു. എന്നാൽ ഹിരണ്യകശിപുവിന്റെ വധത്തിന് ശേഷവും നരസിംഹത്തിന്റെ കലിയടങ്ങാതെ ഝാരാസുര എന്ന അസുരന് നേരെ ചാടി വീണു. കടുത്ത ശിവഭക്തനായിരുന്ന അദ്ദേഹം ശിവനെ വിളിച്ചു അപേക്ഷിച്ചെങ്കിലും മരണം ഒഴിവാക്കാനായില്ല. പക്ഷേ മരിക്കുന്നതിന് മുന്‍പായി അവസാന ആഗ്രഹം എന്ന നിലയില്‍ അദ്ദേഹം നരസിംഹത്തോട് താന്‍ വസിക്കുന്ന ഗുഹയില്‍ പോയി താമസിക്കണമെന്നും തേടി വരുന്നവര്‍ക്ക് ആവശ്യമായ വരങ്ങളും അനുഗ്രഹങ്ങളം നല്കണമെന്നും ആവശ്യപ്പെടുകയുണ്ടായി. ശേഷം അദ്ദേഹം വെള്ളത്തിലലിഞ്ഞ് ഇല്ലാതായി. അങ്ങനെയാണ് നരസിംഹം ഈ ഗുഹയിൽ എത്തിയത് എന്നാണ് വിശ്വാസം.

temple

ക്ഷേത്ര പ്രത്യേകതകൾ

എപ്പോഴും ജലം നിറഞ്ഞ് നിൽക്കുന്ന ഗുഹക്കുള്ളിലൂടെ പോയാൽ മാത്രമേ നരസിംഹ ദർശനം സാദ്ധ്യമാകു എന്നതാണ് ക്ഷേത്രത്തിലെ ഏറ്റവും വലിയ പ്രത്യേകത. ഗുഹയ്‌ക്കുള്ളിലുളള ചുണ്ണാമ്പ് കല്ലുകളില്‍ പ്രതിഫലിച്ചു കാണുന്ന നരസിംഹ സ്വാമിയുടെ പ്രതിമയാണ് ഇവിടത്തെ മറ്റൊരു അത്ഭുതം. ശ്രീകോവില്‍ ഉള്‍പ്പെടുന്ന ക്ഷേത്രം വളരെ ചെറുതായതിനാല്‍ പരമാവധി എട്ട് ആളുകള്‍ക്ക് മാത്രമേ ഒരേസമയം ക്ഷേത്രത്തിനകത്തേയ്‌ക്ക് പ്രവേശിക്കാന്‍ സാധിക്കുകയുളളൂ.

ദുരിതം സഹിച്ച് നരസിംഹ ദർശനം നടത്തിയാൽ

ഇവിടെ തുരങ്കത്തിലൂടെ പോയി കഷ്ടപ്പാടുകള്‍ സഹിച്ച് ദർശനം നടത്തിയാൽ കുട്ടികളുണ്ടാവും എന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ കുട്ടികളില്ലാത്ത നിരവധി ദമ്പതികള്‍ ഇവിടെയെത്തി ദർശനം നടത്താറുണ്ട്. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ഈ പുണ്യ ഭൂമി സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം. രാവിലെ എട്ടു മണി മുതല്‍ വൈകിട്ട് ആറുമണി വരെയാണ് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം.

എങ്ങനെ എത്തിച്ചേരാം

കര്‍ണ്ണാടകയിലെ ബിദാറിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂരില്‍ നിന്നും 690 കിലോമീറ്റർ അകലെയാണ് ബിദാർ.