
അമൃത്സർ: പഞ്ചാബ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ സംവിധാനത്തിലുണ്ടായ വീഴ്ചയിൽ കോൺഗ്രസ് സർക്കാരിന് വിമർശിച്ച് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ്. മോദിയുടെ സുരക്ഷാ സംവിധാനത്തിലുണ്ടായ വീഴ്ച ഛന്നി സർക്കാർ ആസൂത്രണം ചെയ്തതാണെന്നു വ്യക്തമാണ്. ഫിറോസ്‍പൂരിലെ വേദിയിലേക്കു വരുന്ന ബി.ജെ.പിയുടെ വാഹനങ്ങൾ തടയുന്ന കർഷകരെ അവിടെനിന്നു മാറ്റേണ്ടെന്ന് സർക്കാർ പൊലീസിനു നിർദ്ദേശം നൽകി. മോദി വരുന്നതിനു മുൻപ് ഫിറോസ്‍പൂരിലെ മേൽപ്പാലത്തിലൂടെ ഞാൻ പോയപ്പോൾ തടസ്സമൊന്നും ഉണ്ടായിരുന്നില്ല. പ്രതിരോധിക്കുന്നതിനു പകരം മുഖ്യമന്ത്രി ഖേദം പ്രകടിപ്പിക്കണം - അമരീന്ദർ പറഞ്ഞു.
പാക് അതിർത്തിയോടു ചേർന്നു കിടക്കുന്ന തന്ത്രപ്രധാന സംസ്ഥാനമാണ് പഞ്ചാബ്. ഐ.എസ്.ഐ ഇവിടെ പ്രശ്നമുണ്ടാക്കാൻ എപ്പോഴും നോക്കുന്നുണ്ട്. അവരുടെ കൈകളിലേക്കു കാര്യങ്ങൾ എത്താതിരിക്കാൻ ശ്രദ്ധിക്കണം. മീടൂ ആരോപണത്തിന് പിന്നാലെ വനിതാ ഉദ്യോഗസ്ഥ പരാതി നൽകിയപ്പോൾ ചരൺജിത് ഛന്നി എന്റെ കാലിൽ വീണു. അന്നു ഛന്നിയെ സഹായിച്ചതിൽ കുറ്റബോധമുണ്ട്. ആശ്രയിക്കാനും വിശ്വസിക്കാനും കൊള്ളാത്ത വ്യക്തിയാണ്. ഛന്നിയുടെ ബന്ധുവിൽ നിന്നു കോടിക്കണക്കിന് രൂപ ഇ.ഡി പിടിച്ചെടുത്തതോടെ ഇതു ‘സ്യൂട്ട്കേസ് സർക്കാർ’ ആണെന്നു വെളിപ്പെട്ടെന്നും അമരീന്ദർ ആരോപിച്ചു.