kl-rahul

മുംബയ്: ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പരമ്പര വിജയമെന്ന ഇന്ത്യയുടെ ദീർഘനാളത്തെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള മികച്ച അവസരമായിട്ടാണ് ഇത്തവണത്തെ പര്യടനത്തെ കണ്ടിരുന്നത്. എന്നാൽ ടെസ്റ്റ് പരമ്പര കൈവിട്ടുപോയതിന് പുറമേ ഏകദിന പരമ്പരയിലും പരാജയപ്പെട്ട് നിൽക്കുകയാണ് ഇന്ത്യ.

നാളെ നടക്കുന്ന അവസാന ഏകദിനത്തിലെങ്കിലും വിജയിച്ച് സമ്പൂർണ പരാജയം ഒഴിവാക്കുക എന്ന ലക്ഷ്യമാണ് നിലവിൽ ഇന്ത്യക്ക് മുന്നിലുള്ളത്.

കെ എൽ രാഹുലിനെ ക്യാപ്ടനാക്കാനുള്ള തീരുമാനമാണ് ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയിൽ തിരിച്ചടിയായതെന്ന് മുൻ ഇന്ത്യൻ സെലക്ടർ ശരൺദീപ് സിംഗ് പറഞ്ഞു. രോഹിത് ശർമ്മയുടെ അഭാവത്തിൽ ഇന്ത്യയുടെ പ്രധാന ബാറ്റ‌ർമാരിൽ ഒരാളായിരുന്നു കെ എൽ രാഹുൽ എന്നും പക്ഷേ ക്യാപ്ടൻസിയുടെ അധിക സമ്മർദ്ദം കൈകാര്യം ചെയ്യുന്നതിൽ രാഹുൽ പരാജയപ്പെട്ടോ എന്ന് തനിക്ക് സംശയമുണ്ടെന്നും ശരൺദീപ് പറഞ്ഞു.

ഐ പി എല്ലിലും ലോകകപ്പ് അടക്കമുള്ള ടൂർണമെന്റുകളിലും മികച്ച രീതിയിൽ കളിച്ച രാഹുൽ ദക്ഷിണാഫ്രിക്കയിൽ നിറം മങ്ങിയതിന് പിന്നിൽ ക്യാപ്ടൻസി നൽകിയ അധിക സമ്മ‌ർദ്ദം കാരണമായോ എന്ന് അന്വേഷിക്കണമെന്നും ശരൺദീപ് സൂചിപ്പിച്ചു.

ഇന്ത്യ വിരാട് കൊഹ്‌ലിക്ക് കീഴിൽ കളിച്ചിരുന്നപ്പോൾ കാണിച്ചിരുന്ന ആക്രമണ മനോഭാവം രാഹുലിന്റെ കീഴിൽ കണ്ടില്ലെന്നും ഇത് വലിയ രീതിയിൽ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയിലെ പ്രകടനത്തെ ബാധിച്ചുവെന്നും ശരൺദീപ് പറഞ്ഞു.

ഇന്ത്യയുടെ ഏകദിന ക്യാപ്ടൻ രോഹിത് ശ‌ർമ്മ പരിക്കേറ്റ് ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്നാണ് വൈസ് ക്യാപ്ടനായ കെ എൽ രാഹുൽ ടീമിനെ നയിച്ചത്. വിരാട് കൊഹ്‌ലിക്ക് പരിക്കേറ്റതിനെ തുടർന്ന് രണ്ടാം ടെസ്റ്റിലും രാഹുൽ ഇന്ത്യയെ നയിച്ചിരുന്നു. ഈ മൂന്ന് മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു.

നാളെയാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനം. ആദ്യ രണ്ട് ഏകദിനങ്ങളിൽ വിജയിച്ച ദക്ഷിണാഫ്രിക്ക ഇതിനോടകം പരമ്പര വിജയം സ്വന്തമാക്കി കഴിഞ്ഞു. മൂന്നാമത്തെ ഏകദിനത്തിലെങ്കിലും വിജയിച്ച് പരമ്പര തൂത്തുവാരുന്നതിൽ നിന്ന് ദക്ഷിണാഫ്രിക്കയെ തടയുക എന്നത് മാത്രമാണ് ഇനി ഇന്ത്യക്ക് മുന്നിലുള്ള ലക്ഷ്യം.