
തൃശൂർ: വിയ്യൂർ ജില്ലാ ജയിലിൽ തടവുകാരൻ കാെവിഡ് ചികിത്സയിലിരിക്കെ മരിച്ചു. തൃശൂർ പൂത്തോൾ പോട്ടയിൽ ലെയിനിൽ അറയ്ക്കൽ വീട്ടിൽ സന്തോഷ് (44) ആണ് മരിച്ചത്. കുടുംബകോടതി 120 ദിവസത്തെ തടവിന് ശിക്ഷിച്ചതാണ്. ഈ മാസം 14നാണ് ജയിലിലെത്തിയത്. ഇക്കഴിഞ്ഞ 20ന് വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ കാെവിഡ് പരിശോധനയിൽ പോസിറ്റീവ് ആണെന്ന് കണ്ടെത്തി. മെഡിക്കൽ കോളേജിൽ നിന്നും ഡോക്ടറെ കണ്ട് പ്രാഥമിക ചികിത്സയ്ക്ക് ശേഷം തിരികെ ജയിലിലെ സി.എഫ്.എൽ.ടി.സിയിൽ നിരീക്ഷണത്തിലായിരുന്നു. ശനിയാഴ്ച പുലർച്ചെ വീണ്ടും വയറുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രാവിലെ 11.30ഓടെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും വൈകീട്ട് മൂന്നരയോടെ മരണം സ്ഥിരീകരിച്ചു. ജില്ലയിലെ ജയിൽ സി.എഫ്.എൽ.ടി.സിയായി പ്രവർത്തിക്കുന്ന വിയ്യൂർ ജില്ലാ ജയിലിൽ ഏഴ് കാെവിഡ് പോസിറ്റീവ് രോഗികളായ തടവുകാരുണ്ട്. രണ്ടാംതരംഗത്തിൽ ജയിലിൽ 62 പേർ രോഗബാധിതരായിരുന്നു. ഒരു മരണവും സംഭവിച്ചിരുന്നു.