cpm

തൃശൂർ: സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറിയായി എം.എം. വർഗീസിനെ വീണ്ടും തിരഞ്ഞെടുത്തു. രണ്ടുദിവസമായി തൃശൂർ ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന ജില്ലാ സമ്മേളനം ഏകകണ്‌ഠമായാണ്‌ സെക്രട്ടറിയായി എം.എം. വർഗീസിനെ തിരഞ്ഞെടുത്തത്‌. 44 അം​ഗ ജില്ലാ കമ്മിറ്റിയിൽ 12 പേർ പുതുമുഖങ്ങളാണ്. മുൻ എം.എൽ.എ ബാബു എം. പാലിശേരിയെ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി.

12 വർഷങ്ങൾക്ക് മുൻപ് വിഭാ​ഗീയതയുടെ പേരിൽ തരംതാഴ്ത്തൽ നേരിട്ട ടി. ശശിധരനും ജില്ലാ കമ്മിറ്റിയിൽ ഇടംപിടിച്ചു. ബാലാജി എം.പാലിശേരിയടക്കം 12 പേരാണ് പുതുമുഖങ്ങൾ. ആർ.എസ്.എസ് പ്രവർത്തകന്റെ വധത്തിൽ ശിക്ഷിക്കപ്പെട്ട ആളാണ് ബാലാജി. ജില്ലാ സെക്രട്ടറിയായിരുന്ന കെ. രാധാകൃഷ്‌ണ‌ൻ കേന്ദ്ര കമ്മിറ്റി അംഗമായതിനെ തുടർന്ന്‌ 2018 ജൂൺ 30നാണ്‌ എം.എം. വർഗീസ്‌ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്‌. 70 കാരനായ എം എം വർഗീസ് സി.ഐ.ടി.യു കേന്ദ്രവർക്കിംഗ് കമ്മിറ്റി അംഗവും സംസ്ഥാന സെക്രട്ടറിയുമായിരുന്നു. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ്, പേരാമ്പ്ര അപ്പോളോ ടയേഴ്‌സ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) പ്രസിഡന്റ്, വിദേശമദ്യത്തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു.