youtube

ന്യൂഡൽഹി: ഇന്ത്യാവിരുദ്ധ വാ‌ർത്തകളും സന്ദേശങ്ങളും അടങ്ങിയ 35 യുട്യൂബ് ചാനലുകളും രണ്ട് വെബ്സൈറ്റുകളും കേന്ദ്രം നിരോധിച്ചു. കേന്ദ്ര വാ‌ർത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റേതാണ് നടപടി. നിരോധിച്ച 35 ചാനലുകൾക്കും കൂടി 1.2 കോടി സബ്‌സ്ക്രൈബേഴ്സും 130 കോടി വ്യൂവ്സും ഉണ്ടായിരുന്നതായി പ്രസ് ഇൻഫർമേഷൻ ബ്യൂറോ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.

ഇന്ത്യാവിരുദ്ധ വാ‌ർത്തകളായിരുന്നു ഈ ചാനലുകളിലെ മുഖ്യ ഉള്ളടക്കമെന്നും ഇവയിലെ വീഡിയോകൾക്കെല്ലാം സമാന രീതിയിലുള്ള എഡിറ്റിംഗ് രീതികളും അവതരണ ശൈലിയുമായിരുന്നെന്നും ഇത് വെളിവാക്കുന്നത് ഈ ചാനലുകൾക്ക് പിന്നിൽ പ്രവ‌ത്തിച്ചിരുന്നത് ഒരേ വ്യക്തികളായിരുന്നെന്നുമാണെന്ന് കേന്ദ്രത്തിന്റെ വാ‌ർത്താകുറിപ്പിൽ പറയുന്നു.

ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസികൾ ഈ ചാനലുകളെ കുറച്ചുകാലമായി നിരീക്ഷിച്ചുവരികയാണെന്നും ഏജൻസികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സ‌ർക്കാരിന്റെ നടപടിയെന്നും വാ‌ർത്താകുറിപ്പിൽ പറയുന്നു. ഏതാനും ചില ചാനലുകളിലെ വീഡിയോകളിൽ പാകിസ്ഥാനിലെ ചില പ്രമുഖ അവതാരകരും ഉണ്ടായിരുന്നെന്നും രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിൽ പറയുന്നു.