altroz-ev

ന്യൂഡൽഹി: 2020ൽ ആൾട്രോസിന്റെ ഇലക്ട്രിക്ക് മോഡൽ ഇറക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ടാറ്റ പൂർത്തിയാക്കിയിരുന്നു. എന്നാൽ കൊവിഡ് വന്നതും തുടർന്നുണ്ടായ ചില സാങ്കേതിക പ്രശ്നങ്ങളും കാരണം വാഹനം വിപണിയിൽ എത്തിക്കാൻ കമ്പനിക്ക് സാധിച്ചില്ല. വാഹനം ഉടൻ വിപണിയിൽ എത്തിക്കാൻ സാധിക്കില്ലെന്നും ഉപഭോക്താക്കളുടെ ആവശ്യങ്ങളിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ ഉണ്ടായതിനെ തുടർന്നാണ് വാഹനത്തിന്റെ ലോഞ്ച് നീണ്ടുപോകുന്നതെന്നും ടാറ്റ മോട്ടോഴ്സിന്റെ എം ഡി ശൈലേഷ് ചന്ദ്ര പറഞ്ഞു.

2019ൽ ജനീവയിൽ നടന്ന വാഹന എക്സ്പോയിലാണ് ടാറ്റ ആൾട്രോസിന്റെ ഇലക്ട്രിക്ക് മോഡൽ ആദ്യമായി പ്രദർശിപ്പിച്ചത്. എന്നാൽ അതിന് ശേഷം മൂന്ന് വർഷം കഴിഞ്ഞിട്ടും വാഹനം എന്ന് വിപണിയിൽ എത്തുമെന്ന കൃത്യമായ ഉത്തരം നൽകാൻ ടാറ്റയ്ക്ക് സാധിച്ചിട്ടില്ല. ആൾട്രോസ് ഇ വി പ്രദർശിപ്പിച്ചപ്പോൾ മുതൽ ഒരു പ്രത്യേക ലക്ഷ്യം ടാറ്റയ്ക്ക് ഉണ്ടായിരുന്നെങ്കിലും വർഷങ്ങൾ കടന്നുപോയതോടെ വാഹന ഉപഭോക്താക്കൾക്ക് ഇലക്ട്രിക്ക് വാഹനങ്ങളെ കുറിച്ചുള്ള പ്രതീക്ഷകൾ ഉയർന്നതിനാലാണ് വാഹനം വിപണിയിൽ എത്താൻ വൈകുന്നതെന്ന് ശൈലേഷ് ചന്ദ്ര വ്യക്തമാക്കി.

നിലവിൽ ടാറ്റയ്ക്ക് രണ്ട് ഇലക്ട്രിക്ക് മോഡലുകളാണ് ഉള്ളത്, നെക്സോൺ ഇ വിയും തിഗോർ ഇ വിയുമാണ് ടാറ്റയുടെ വിപണിയിലുള്ള ഇലക്ട്രിക്ക് മോഡലുകൾ. ടാറ്റയുടെ എല്ലാ ഇലക്ട്രിക്ക് വാഹനങ്ങൾക്കും ഒറ്റചാർജിൽ 250 കിലോമീറ്റ‌ർ റേഞ്ച് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.