fire

തായ്‌പെയ് : 46 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തത്തിന് കാരണമായെന്നാരോപിച്ച് തായ്‌വാനിൽ 51കാരിയ്ക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യം. തായ്‌വാനിലെ തെക്കൻ നഗരമായ കവോസിയംഗിൽ ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ഏവരെയും നടുക്കിയ അപകടമുണ്ടായത്. 11 നിലയുള്ള അപ്പാർട്ട്മെന്റ് സമുച്ചയം അർദ്ധരാത്രി കത്തി നശിക്കുകയായിരുന്നു. ഹുവാംഗ് എന്ന സ്ത്രീ തന്റെ കാമുകന്റെ അപ്പാർട്ട്മെന്റിലെ സോഫയിൽ ധൂപത്തിരി മനഃപൂർവം കത്തിച്ചുവച്ച് പോയതാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പറയുന്നത്.

കാമുകനുമായി വഴക്കുണ്ടായതോടെയാണ് ഹുവാംഗ് ഇങ്ങനെ ചെയ്തത്രെ. എന്നാൽ, അപകട സമയം കാമുകൻ അപ്പാർട്ട്മെന്റിന് പുറത്തായിരുന്നു. കാമുകനോടുള്ള ദേഷ്യം തീർക്കാൻ ചെയ്തത് നിരപരാധികളായ മനുഷ്യരുടെ ജീവൻ നഷ്ടമാകാൻ കാരണമാവുകയായിരുന്നു.

നിലവിൽ കൊലപാതകം, തീപിടിത്തത്തിന്റെ കാരണം തുടങ്ങിയ കുറ്റങ്ങളാണ് ഹുവാംഗിന് മേൽ ചുമത്തിയിരിക്കുന്നത്. തീപിടിത്തം മനഃപൂർവം തുടങ്ങിവച്ചതിന് ഇവർക്ക് വധശിക്ഷ നൽകണമെന്നും താൻ ചെയ്ത കുറ്റത്തിൽ അവർക്ക് യാതൊരു കുറ്റബോധവുമില്ലെന്നുമാണ് പ്രോസിക്യൂട്ടർമാർ പറയുന്നത്. തായ്‌വാനിൽ സമീപകാലത്തുണ്ടായ ഏറ്റവും വലിയ തീപിടിത്ത ദുരന്തമായിരുന്നു ഇത്.