sudhir-kumar

പാട്‌ന: സച്ചിൻ ടെൻഡുൽക്കറിന്റെ ഏറ്റവും വലിയ ആരാധകനെന്ന നിലയിൽ പ്രശസ്തനായ സുധീർ കുമാറിന് പൊലീസ് മർദ്ദനം. ബിഹാറിലെ മുസാഫ‌ർപൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ വച്ചാണ് സംഭവം. സുധീറിന്റെ സഹോദരൻ കിഷൻ കുമാറിനെ പൊലീസ് വിളിച്ചുവരുത്തിയതിനെ തുടർന്ന് സംഭവം അന്വേഷിക്കാൻ ചെന്നതായിരുന്നു സുധീർ.

സഹോദരനെ പൊലീസ് വിളിച്ചുവരുത്തിയത് അറിഞ്ഞ് സ്റ്റേഷനിൽ എത്തിയ തനിക്ക് വളരെ മോശമായ അനുഭവമാണുണ്ടായതെന്ന് സുധീർ മാദ്ധ്യമങ്ങളോട് പറഞ്ഞു. താൻ സഹോദരനുമായി സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥൻ വന്ന് തന്നെ മർദ്ദിക്കുകയും സ്റ്റേഷനിൽ നിന്ന് പുറത്ത് പോകാൻ ആവശ്യപ്പെടുകയും ചെയ്തെന്ന് സുധീർ പറഞ്ഞു. തന്നെയും സഹോദരനെയും ഈ ഉദ്യോഗസ്ഥൻ അനാവശ്യമായി ചീത്ത വിളിച്ചതായും സുധീർ പറഞ്ഞു.

രണ്ട് വർഷം മുമ്പ് ഇതേ പൊലീസ് സ്റ്റേഷന്റെ ഉദ്ഘാടനത്തിന് തന്നെ മുഖ്യാതിഥിയായി ക്ഷണിച്ചിരുന്നെന്നും അന്ന് തന്നോട് വളരെയേറെ ബഹുമാനത്തോടെയാണ് പൊലീസ് ഉദ്യോഗസ്ഥർ പെരുമാറിയതെന്നും സുധീ‌ർ പറഞ്ഞു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് താൻ പരാതി നൽകിയെന്നും പൊലീസ് ഉദ്യോഗസ്ഥന് എതിരെ നടപടിയുണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചതായും സുധീർ പറഞ്ഞു.

തർക്കത്തിൽ കിടക്കുന്ന വസ്തുവിന്റെ കേസുമായി ബന്ധപ്പെട്ട് സുധീറിന്റെ സഹോദരന്റെ മൊഴി എടുക്കാനാണ് വിളിച്ചുവരുത്തിയതെന്നും രണ്ട് വ്യക്തികൾ തമ്മിലുള്ള തർക്കത്തിൽ ഇയാൾ പ്രധാന സാക്ഷിയായിരുന്നെന്നും പൊലീസ് പറഞ്ഞു.