
മലപ്പുറം: പശ്ചിമ ബംഗാളിൽ നിന്ന് കാണാതായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മലപ്പുറത്ത് കണ്ടെത്തി. പതിനാറുകാരിയെ മലപ്പുറത്തെ വാഴക്കാട് നിന്നാണ് കണ്ടെത്തിയത്. ബംഗാൾ സ്വദേശിയായ നസറുദ്ദീനൊപ്പമാണ് (34) പെൺകുട്ടി നാടുവിട്ടത്.
പതിനാറുകാരി ഒരുമാസം ഗർഭിണിയാണ്. നസറുദ്ദീനെ(34) പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുവന്നതിനും പീഡിപ്പിച്ച് ഗർഭിണിയാക്കിയതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തത്.
മകളെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കൾ ബംഗാൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി മലപ്പുറത്തുണ്ടെന്ന് കണ്ടെത്തിയത്.
വാഴക്കാട്ടെ വാടക ക്വാർട്ടേഴ്‌സിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ഈ ക്വാർട്ടേഴ്‌സിൽ മൂന്നുവയസുള്ള മറ്റൊരു കുട്ടിയും ഉണ്ടായിരുന്നു. നസറുദ്ദീന്റെ ആദ്യവിവാഹത്തിലുള്ള മകനാണിതെന്നാണ് വിവരം. ഇയാളെ ഭാര്യ ഉപേക്ഷിച്ച് പോയതാണ്.
നസറുദ്ദീനും മകനും അടുത്തിടെ ബംഗാളിലേക്ക് പോയിരുന്നു. ഒരു പെൺകുട്ടിയെയും കൂട്ടിയാണ് ഇവർ തിരിച്ചെത്തിയതെന്ന് അയൽക്കാർ പറഞ്ഞു. ഇരുവരും വിവാഹം കഴിച്ചെന്നാണ് പറയുന്നത്. പെൺകുട്ടിയേയും മൂന്ന് വയസുകാരനെയും സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.