
കൊല്ലം: അഷ്ടമുടി കുരുമ്പലമൂട് ജംഗ്‌ഷനിൽ, വൃക്കരോഗിയായ യുവാവിനെ പട്ടാപ്പകൽ നടുറോഡിൽ നാലംഗ സംഘം മർദ്ദിക്കുന്നതിന്റെ സി.സി ടിവി ദൃശ്യങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായി. കഴിഞ്ഞ 19ന് രാവിലെ 11ന് നടന്ന സംഭവത്തിൽ അഷ്ടമുടി പ്രകാശ് ഭവനിൽ പ്രകാശിനാണ് (44) മർദ്ദനമേറ്റത്. പ്രതികളെ പിടികൂടിയ പൊലീസ് ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതും വിവാദമായി.
ഓട്ടോഡ്രൈവറായ പ്രകാശും സുഹൃത്തുക്കളും അഷ്ടമുടിയിലെ ഒരു ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് കുരുമ്പലമൂടിന് സമീപം വിളക്ക് ഒരുക്കിയിരുന്നു. ക്ഷേത്രത്തിലേക്ക് ഘോഷയാത്ര കടന്നുപോയി അരമണിക്കൂറിന് ശേഷം ഒരു പറ്റം യുവാക്കൾ സ്ഥലത്തെത്തി തമ്പോലം കൊട്ടി ഗതാഗതക്കുരുക്കുണ്ടാക്കി. റോഡിൽ നിന്ന് മാറിനിൽക്കാൻ ആവശ്യപ്പെട്ടതിൽ പ്രകോപിതനായ ഒരു യുവാവ് മടങ്ങിപ്പായ ശേഷം മൂന്ന് സുഹൃത്തുക്കൾക്കൊപ്പം ബൈക്കിൽ മാരകായുധങ്ങളുമായെത്തി. തന്റെ ഓട്ടോറിക്ഷയിൽ ഇരിക്കുകയായിരുന്ന പ്രകാശിനെ വലിച്ചിറക്കി ക്രൂരമായി ആക്രമിച്ചു. കുതറി ഓടിയെങ്കിലും നടുറോഡിൽ ചവിട്ടി വീഴ്ത്തി മർദ്ദിച്ചു. തടയാനെത്തിയ പ്രകാശിന്റെ സഹോദരിയെയും ആക്രമിച്ചതായി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.