covid

മുംബയ്: രാജ്യത്തെ ചിലയിടങ്ങളിൽ ഒമിക്രോൺ സമൂഹവ്യാപന ഘട്ടത്തിലാണെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള ജീനോം സീക്വൻസിംഗ് കൺസോർഷ്യമായ ഇൻസാകോഗിന്റെ പഠന റിപ്പോർട്ട്. മെട്രോ നഗരങ്ങളിൽ രോഗവ്യാപനത്തോത് അതിതീവ്രമായെന്നും റിപ്പോർട്ടിലുണ്ട്. നിരവധി മെട്രോ നഗരങ്ങൾ ഒമിക്രോണിന്റെ പിടിയിലാണ്. കാര്യമായ ലക്ഷണങ്ങളില്ലാതെയാണ് ഭൂരിഭാഗം ഒമിക്രോൺ കേസുകളും റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്നും പറയുന്നു.

അതേസമയം, ഒമിക്രോണിന്റെ ഉപവിഭാഗമായ ബിഎ.2 ഇന്ത്യയിൽ വർദ്ധിക്കുന്നതായി റിപ്പോർട്ട് പുറത്തുവന്നു. പുതിയ വകഭേദത്തെക്കുറിച്ച് പരിശോധിക്കുന്നതിനായി വൈറസുകളുടെ ജനിത ഘടനയെക്കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖയായ ജി.ഐ.എസ്.എ.ഐ.ഡിയിലേക്ക് 530 സാമ്പിളുകൾ ഇന്ത്യ അയച്ചു. 40 രാജ്യങ്ങളിൽ നിന്നായി ഒമിക്രോൺ വകഭേദത്തിന്റെ 8,048 ത്തിലധികം പുതിയ ശ്രേണികൾ ജി.ഐ.എസ്.എ.ഐ.ഡി ഇതുവരെ കണ്ടെത്തിയിട്ടുണ്ട്.

ബിഎ.2വിന്റെ ഏറ്റവും കൂടുതൽ സാമ്പിളുകൾ അയച്ചത് ഡെന്മാർക്കിൽ നിന്നാണ്. ഇന്ത്യയെ കൂടാതെ സ്വീഡനും (181), സിംഗപൂരും (127) സാമ്പിളുകൾ അയച്ചിട്ടുണ്ട്. ബ്രിട്ടനിൽ ഇതുവരെ 426 ബി.എടു കേസുകൾ സ്ഥീരികരിച്ചിട്ടുണ്ട്. അതിൽ 146 കേസുകളും ലണ്ടനിലാണ്.

 അപകടകാരിയാണോ എന്നതിന് തെളിവില്ല

വൈറസുകളുടെ പരിണാമം നിരന്തരമായ പ്രക്രിയയായതിനാൽ ഇവയുടെ ജനിത ഘടനയിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നുണ്ട്. മഹാമാരി അവസാനിക്കാത്തതിനാൽ പുതിയ വകഭേദങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും ബിഎ.2 അപകടകാരിയാണോ എന്നതിന് തക്കതായ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും ബ്രിട്ടനിലെ എച്ച്.എസ്.എയുടെ കൊവിഡ് ഇൻസിഡന്റ് ഡയറക്ടറായ ഡോ. മീരാചന്ദ് അഭിപ്രായപ്പെട്ടു. ബിഎ.2വിനെക്കുറിച്ചുള്ള ഡാറ്റകൾ പരിമിതമായതിനാൽ കൂടുതൽ അന്വേഷണങ്ങൾ തുടരുകയാണെന്നും മീരാചന്ദ് അറിയിച്ചു.

ഉപവിഭാഗമായ ബിഎ.വണിനെ അപേക്ഷിച്ച് ബിഎ.2വിന് വ്യാപന നിരക്ക് എത്രത്തോളമുണ്ടെന്ന് നിലവിൽ പറയാനാകില്ലെന്നും ലണ്ടനിലെ ഇംപീരിയൽ കോളേജിലെ വൈറോളജിസ്റ്റായ ടോം പീക്കോക് പറഞ്ഞു. പുതിയ വകദേദം നിലവിലുള്ള വാക്​സിനുകളുടെ ഫലപ്രാപ്തിയെ മറികടക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

 റീ ഇൻഫെക്ഷൻ സാദ്ധ്യത തള്ളിക്കളയാനാവില്ല

അതേസമയം, ഒരിക്കൽ ഒമിക്രോൺ ബാധിച്ചയാളുകൾക്ക് വീണ്ടും അണുബാധ ഏൽക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ലെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു. റീ ഇൻഫെക്‌ഷൻ സാദ്ധ്യത ഒരിക്കലും തള്ളിക്കളയാൻ കഴിയില്ല. സമീപകാലത്ത് ഒമിക്രോണിൽ നിന്നു മുക്തരായവർക്ക് വീണ്ടും അത് പിടിപെട്ടേക്കാം. മാസ്‌ക് ധരിക്കാതെ പൊതുയിടങ്ങളിൽ സഞ്ചരിക്കുന്നത് വൈറസിനെ വിളിച്ചുവരുത്തും - മഹാരാഷ്ട്ര കൊവിഡ് ടാസ്‌ക് ഫോഴ്‌സ് അംഗം ഡോ.ശശാങ്ക് ജോഷി പറഞ്ഞു.

ഇന്ത്യയിൽ ഒമിക്രോൺ റീ ഇൻഫെക്‌ഷൻ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ, അവ സംഭവിക്കുകയില്ലെന്ന് ഉറപ്പു പറയാനും കഴിയില്ല. ഒമിക്രോണോ മറ്റേതെങ്കിലും വകഭേദമോ രാജ്യത്തു പ്രശ്‌നം സൃഷ്‌ടിച്ചേക്കാം. അതുകൊണ്ട്‌ സാമൂഹിക അകലവും മാസ്‌കും ഉറപ്പുവരുത്തണമെന്ന് മഹാരാഷ്ട്ര കൊവിഡ് ടാസ്‌ക് ഫോഴ്‌സിലെ മറ്റൊരംഗമായ ഡോ.രാഹുൽ പണ്ഡിറ്റ് പറഞ്ഞു.

രാജ്യത്ത് ആകെയുള്ള കേസുകളിൽ നാമമാത്രമായവയ്ക്കാണ് റീ ഇൻഫെക്‌ഷൻ സാദ്ധ്യത കാണുന്നത്. എന്നാൽ, കൃത്യമായ ഡേറ്റ എത്താതെ ഈയവസ്ഥയിൽ ഒന്നും പ്രവചിക്കാനാവില്ല. പല കൊവിഡ് ബാധിതരിലും ആർ.ടി.പി.സി.ആർ ദീർഘകാലം പോസിറ്റിവ് ആകാനും ഇടയുണ്ട്. അവ റീ ഇൻഫെക്‌ഷൻ ആണോയെന്ന് പെട്ടെന്നു സ്ഥിരീകരിക്കാനാവില്ലെന്നും ഐ.സി.എം.ആർ ദേശീയ കർമ്മസമിതി അംഗം ഡോ.സഞ്ജയ് പൂജാരി പറഞ്ഞു.