
ധർമ്മദേവൻ വേഷംമാറി യക്ഷനായെത്തി വനവാസക്കാലത്ത് പഞ്ചപാണ്ഡവരിലെ ധർമ്മപുത്രരോട് ചോദിച്ച ചോദ്യങ്ങളിലൊന്ന് ' ഭൂമിയേക്കാളും വലുതായുള്ളതെന്തെന്നായിരുന്നു '. അമ്മയെന്ന്
ധർമ്മപുത്രർ ഉടൻ ഉത്തരം നൽകി. ആദിശങ്കരൻ മുതൽ കുമാരനാശാൻ വരെ അമ്മയുടെ മഹത്വം വർണിച്ച് കവിതകളെഴുതി. അമ്മയുടെ മുന്നിൽ ഞാനും ദൈവവും ആരെന്ന് ചോദിച്ച് വയലാർ ഗാനം രചിച്ചു. പക്ഷേ കാലം മുന്നോട്ടു പോകുമ്പോൾ പല അമ്മമാരും മക്കളുടെ അവഗണനയുടെ കയ്പ്പുനീർ കുടിച്ച് ഒറ്റപ്പെട്ട് കഴിയുന്ന വാർത്തകൾ നമ്മൾ വായിച്ചുകൊണ്ടിരിക്കുന്നു. ബാല്യത്തിൽ അമ്മ എന്റേതെന്ന് പറഞ്ഞ് പരസ്പരം മത്സരിച്ചവർ വാർദ്ധക്യത്തിൽ അമ്മയെ സംരക്ഷിക്കാൻ മടിക്കുന്നു. നീ നോക്ക്, നീ നോക്ക് എന്നുപറഞ്ഞ് ഒടുവിൽ ആരും നോക്കാനില്ലാതെ വൃദ്ധസദനത്തിൽ തള്ളുന്നു. ക്ഷേത്രനടയിൽ ഉപേക്ഷിച്ച് മടങ്ങുന്നു. ക്രൂരമായി മർദ്ദിക്കുന്നു. ഈ സ്നേഹരാഹിത്യം അമ്മമാർ എങ്ങനെ സഹിക്കും?
തന്റെ അധികാരപരിധിയിൽ പെടുന്ന ഒരു സ്ഥലത്ത് അടുത്തിടെ ഒരമ്മയ്ക്കുണ്ടായ അനുഭവത്തെക്കുറിച്ച് ചെങ്ങന്നൂർ ആർ.ഡി.ഒ ജെസിക്കുട്ടി മാത്യു പറഞ്ഞത് കേട്ടാൽ അമ്പരന്നു പോകും. അഞ്ചുമക്കളാണ് ആ അമ്മയ്ക്ക്. എല്ലാവരും നല്ലനിലയിലാണ്. എന്നാൽ അമ്മയെ നോക്കാൻ ആർക്കും താത്പര്യമില്ല. സുഖമില്ലാതെ വന്നപ്പോൾ ഒരു മകൾ അമ്മയെ ആശുപത്രിയിലാക്കി. എന്നാൽ അസുഖം ഭേദമായപ്പോൾ കൂട്ടിക്കൊണ്ടുപോകാൻ എത്തിയില്ല. അമ്മയെ നോക്കാൻ തനിക്കു കഴിയില്ലെന്നും മറ്റുമക്കളുടെ അടുത്തുപോകൂ എന്നുമായിരുന്നു അവരുടെ വീട്ടിൽ ചെന്നപ്പോൾ അമ്മയോട് പറഞ്ഞത്. ആരും ഏൽക്കാൻ തയ്യാറായില്ല. പൊലീസ് ഇടപെട്ട് വിവരം ആർ.ഡി.ഒയുടെ ശ്രദ്ധയിൽപ്പെടുത്തി.
" വൃദ്ധസദനത്തിലാക്കാൻ നടപടിക്രമങ്ങൾ ഏറെയുള്ളതിനാൽ സാമൂഹികനീതി വകുപ്പിന്റെ വൃദ്ധജനങ്ങളെ സംരക്ഷിക്കാനുള്ള വയോരക്ഷ പദ്ധതിപ്രകാരം സർക്കാർ ആശുപത്രിയിൽ കെയർ ടേക്കറിനൊപ്പം പ്രവേശിപ്പിക്കുകയായിരുന്നു. എന്നിട്ട് മക്കളെ വിളിച്ചുവരുത്താൻ ശ്രമിച്ചു. നോട്ടീസയച്ചിട്ടും ആരും വരാതിരുന്നതിനാൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഒടുവിൽ ഗൾഫിലുള്ളയാളൊഴികെ നാലുമക്കളും വന്നു. അനുരഞ്ജനത്തിനായി വിട്ടു. മൂന്നുമാസം വീതം ഓരോ മക്കളും അമ്മയെ നോക്കാമെന്ന ധാരണയിലെത്തി. പക്ഷേ അന്നുരാത്രി ആ അമ്മ മരണമടഞ്ഞു. ആശുപത്രിയിൽ കിടക്കുമ്പോൾ മക്കളെ കാണാൻ അവർ ആഗ്രഹിച്ചിരുന്നു. ആരും തിരിഞ്ഞുനോക്കിയിരുന്നില്ല." ജെസിക്കുട്ടി മാത്യു പറഞ്ഞു.
ആർ.ഡി.ഒയുടെ സംരക്ഷണയിലായിരുന്നു അമ്മ ആശുപത്രിയിൽ കഴിഞ്ഞത്. ജോലിത്തിരക്കിനിടയിലും ആർ.ഡി.ഒ ആ അമ്മയുടെ കാര്യങ്ങൾ കൃത്യമായി അന്വേഷിച്ചു. സ്വന്തം അമ്മയെന്നപോലെ കരുതൽകാട്ടി. നമ്മുടെ സർക്കാർ ഓഫീസുകളിലെ ചില ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തെക്കുറിച്ച് പൊതുവെ പരാതികളുയരുമ്പോൾ ജെസിക്കുട്ടി മാത്യുവിനെ പോലെയുള്ള ജനസേവകരെ എത്ര പ്രശംസിച്ചാലും മതിയാകില്ല.
ജീവനുള്ള അമ്മയെ നോക്കാതിരുന്നവർ അമ്മയുടെ മൃതദേഹം വിട്ടുകിട്ടാൻ അപേക്ഷയുമായെത്തി. ആർ.ഡി.ഒ അതിന് അനുവദിക്കുകയും ചെയ്തു. ഈ അമ്മയുടെ ഭർത്താവ് നേരത്തെ മരിച്ചിരുന്നു. നഴ്സിംഗ് അസിസ്റ്റന്റായി സർവീസിൽ നിന്ന് വിരമിച്ച അമ്മ അതേ ആശുപത്രിയിൽ കിടന്നാണ് മരിച്ചത്. പെൻഷൻ വാങ്ങിയിരുന്ന ഒരമ്മയുടെ കഥയാണിത്. എന്നാൽ കൈയിൽ അഞ്ചു പൈസയില്ലാതെ മക്കളുടെ കാരുണ്യം കാത്തുകഴിയുന്ന എത്രയെത്ര അമ്മമാരുടെ കദനകഥകൾ നമ്മൾ ചുറ്റുവട്ടത്തുനിന്ന് കേൾക്കുന്നുണ്ട്.
മാതാപിതാക്കളെ കൂടെയിരുന്ന് നോക്കാൻ എല്ലാ മക്കൾക്കും പറ്റിയെന്ന് വരില്ല. അവർക്കും കുടുംബമുണ്ട്. പക്ഷേ അച്ഛനമ്മമാർ ബുദ്ധിമുട്ടുകൂടാതെ കഴിയുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തമുണ്ട്. എപ്പോഴും പോയിനോക്കാൻ പറ്റില്ലെന്ന് വരാമെങ്കിലും വല്ലപ്പോഴുമെങ്കിലും പോയി നോക്കണം. കൈ വളരുന്നോ കാൽ വളരുന്നോയെന്ന് കണ്ണിലെണ്ണയൊഴിച്ച് നോക്കിയവരാണ് അവരെന്നു വിസ്മരിക്കരുത്.
ഡി.ബാബുപോൾ സാർ മകനോട് പറയുമായിരുന്നു." നീ എന്റെ ഒപ്പം വന്നു നിൽക്കുകയൊന്നും വേണ്ട. നീ വണ്ടിയോടിച്ചു പൊയ്ക്കുള്ളൂ. ഞാൻ പിറകേയുണ്ട്. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാൻ ഹോണടിക്കാം. അപ്പോഴൊന്നു തിരിഞ്ഞുനോക്കിയാൽ മതിയാകും." പക്ഷേ തിരിഞ്ഞുനോക്കണം.
എന്താണ് അമ്മമാർ അവഗണിക്കപ്പെടുന്നത്. പ്രമുഖ മന:ശാസ്ത്രജ്ഞനായ ഡോ.സി.ജെ.ജോൺ പറഞ്ഞിതങ്ങനെ ." വീട്ടിൽത്തന്നെ കുട്ടികൾ ഗുണ്ടകളായി വളരുന്ന കാലമാണിത്. അവരുടെ ആഗ്രഹങ്ങൾ നീട്ടിവയ്ക്കാൻ അവർ തയ്യാറാകില്ല. കുട്ടികളുമൊത്ത് വേണ്ടത്ര സമയം ചെലവഴിക്കുക, അവരെ കേൾക്കുക എന്നതിനു പകരം അവരുടെ ഭൗതിക ആവശ്യങ്ങളുടെ നടത്തിപ്പുകാരായി മാതാപിതാക്കൾ മാറുന്നു. സ്നേഹം എന്നത് ഉറുപ്പിക അണാ പൈസ എന്ന രീതിയിലേക്ക് മാറുന്നു. വാർദ്ധക്യത്തിൽ സാമ്പത്തികമായി സഹായിക്കാൻ കഴിയാതെ വരുമ്പോൾ പണത്തിന്റെ അളവുകോലിൽ അമ്മയേയും അച്ഛനേയും കാണുന്നു. മർദ്ദിക്കാനും പുറംതള്ളാനും അവർ മടിക്കില്ല. അനുതാപത്തിന്റെയും സ്നേഹത്തിന്റെയും പാതയിൽ മക്കളെ വളർത്താൻ ശ്രദ്ധിക്കണം." ഡോ.ജോൺ പറഞ്ഞു.
യക്ഷൻ ധർമ്മപുത്രരോട് ചോദിച്ച ഏറ്റവും പ്രധാന ചോദ്യം. ഈ ലോകത്തെ ഏറ്റവും വലിയ അദ്ഭുതമെന്തെന്നായിരുന്നു. മറ്റുള്ളവർ മരിക്കുന്നത് കാണുമ്പോഴും നാളെയൊരിക്കൽ നമ്മളും മരിക്കുമെന്ന് തിരിച്ചറിയാതിരിക്കുന്നത് എന്നായിരുന്നു ധർമ്മപുത്രർ നൽകിയ ഉത്തരം. അമ്മമാരോട് ദയകാട്ടാത്ത മക്കൾ ഓർക്കുക. ആ വിധി നിങ്ങളെയും കാത്തിരിക്കുന്നുണ്ട്.