cgfhhgy

ലോസ്ആഞ്ചലസ്: പ്രശസ്ത ഹോളിവുഡ് നടിയും സംവിധായികയുമായ റെജീന കിങ്ങിന്റെ ഏക മകൻ ഇയാൻ അലക്സാണ്ടർ ജൂനിയറിനെ (26)​ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണ് മരണകാരണമെന്ന് നടിയുടെ വക്താവ് സ്ഥിരീകരിച്ചു. യുവ സംഗീതജ്ഞനായി അറിയപ്പെട്ടിരുന്ന ഇയാൻ,​ തന്റെ 26ാം പിറന്നാൾ ദിനത്തിലാണ് ലോകത്തോട് വിട പറഞ്ഞത്. മരണത്തെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. ഇയാന്റെ മരണം തീരാനഷ്ടമാണ് ഞങ്ങൾക്ക് നല്കിയത്. മറ്റുള്ളവരുടെ സന്തോഷത്തെക്കുറിച്ച് ഏറെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്ത വ്യക്തിയായിരുന്നു ഇയാൻ. ഈ പ്രയാസമേറിയ ഘട്ടത്തിൽ ഞങ്ങളുടെ കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്ന് റെജീന ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. മുൻ ഭർത്താവ് അലക്സാണ്ടർ ഇയാൻ സീനിയറുമായുള്ള ബന്ധത്തിൽ റെജീനയ്ക്ക് ജനിച്ച മകനാണ് ഇയാൻ അലക്സാണ്ടർ ജൂനിയർ. 1997 വിവാഹിതരായ ഇവർ 2007 ൽ വിവാഹമോചിതരായതിന് ശേഷം റെജീനയുടെ സംരക്ഷണത്തിലാണ് മകൻ വളർന്നത്.