india-women-football

ഏഷ്യൻ കപ്പിൽ ചൈനീസ് തായ്‌പേയ്ക്കെതിരായ മത്സരം ഉപേക്ഷിച്ചു

ലോകകപ്പ് മോഹങ്ങൾക്കും തിരിച്ചടി

മുംബയ്: ടീമിൽ കാവിഡ് വ്യാപനത്തെ തുടർന്ന് ഏഷ്യൻ കപ്പ് വനിതാ ഫുട്ബാളിൽ എ ഗ്രൂപ്പിൽ ചൈനീസ് തായ്‌പേയ്ക്കെതിരെ ഇന്നലെ നടക്കേണ്ട മത്സരത്തിൽ നിന്ന് ഇന്ത്യൻ ടീം പിന്മാറി. 23 അംഗ ടീമിലെ 12 താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 2 പേർക്ക് പരിക്കിനെ തുടർന്ന് കളിക്കാനാകാത്ത സ്ഥിതിയായിരുന്നു. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ കോവിഡ് സാഹചര്യത്തില്‍ പ്രഖ്യാപിച്ച പ്രത്യേക നിയമ പ്രകാരം ഏറ്റവും കുറഞ്ഞത് 13 താരങ്ങളെ കളിക്കാനായി സജ്ജരാക്കണം. ഇന്ത്യക്ക് ഇത് പാലിക്കാവാത്തതിനാല്‍ ചൈനീസ് തായിപേയിക്ക് മൂന്നു പോയിന്റുകള്‍ ലഭിച്ചു. ചൈനീസ് തായ്‌പേയ് ടീം ഇന്നലെ മത്സരവേദിയായ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ എത്തിയത്. ടീമിലെ കൊവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യൻ ടീം മുഴുവൻ ഐസൊലേഷനിലായതിനാൽ 26ന് ചൈനയ്ക്കെതിരായ അവസാന ഗ്രൂപ്പ് മത്സരവും ഇന്ത്യയ്ക്ക് ഉപേക്ഷിക്കേണ്ടതായി വരും. അതിനാൽ തന്നെ ഇന്ത്യ ടൂർണമെന്റിൽ നിന്ന് പുറത്തായിക്കഴിഞ്ഞു. ആദ്യ മത്സരത്തിൽ ഇന്ത്യ ഇറാനോട് ഗോൾരഹിതത സമനിലയിൽ പിരിഞ്ഞിരുന്നു.

ഇന്ത്യയുടെ ലോകകപ്പ് മോഹങ്ങൾക്കും കൊവിഡ് വ്യാപനം തിരിച്ചടിയായി. ഏഷ്യൻ കപ്പിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ എത്തുന്നവർക്ക് അടുത്ത വർഷം നടക്കുന്ന വനിതാ ഫുട്ബാൾ ലോകകപ്പിന് യോഗ്യത നേടാനാകുമായിരുന്നു.

ചൈന ക്വാർട്ടറിൽ

ഇന്നലെ നടന്ന ഗ്രൂപ്പ് എയിലെ മറ്റൊരു മത്സരത്തിൽ ഇറാനെ മറുപടിയില്ലാത്ത 7 ഗോളുകൾക്ക് തകർത്ത് ചൈന ഏഷ്യൻ കപ്പിന്റെ ക്വാർട്ടറിൽ കടന്നു. കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച ചൈനയ്ക്ക് ആറ് പോയിന്റുണ്ട്.

ആതിഥേയരെന്ന നിലയിലാണ് 19 വര്‍ഷങ്ങള്‍ക്ക് ശേഷം ഏഷ്യൻ കപ്പിൽ കളിക്കാന്‍ ഇന്ത്യയ്ക്ക് അവസരം ലഭിച്ചത്.

ഇതിനു മുമ്പ് ഇന്ത്യ വനിതാ ഏഷ്യൻ കപ്പിൽ കളിച്ചത് 2003ൽ

ഇന്ത്യൻ ടീമിന് കളിക്കാനാവാത്തതില്‍ നിരാശയുണ്ട്. താരങ്ങളുടെ ആരോഗ്യവും ക്ഷേമവും പരമപ്രധാനമായതിനാല്‍ ഒരു സാഹചര്യത്തിലും വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ല.

എ.ഐ.എഫ്.എഫ് പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍