
കൊച്ചി: ബലാത്സംഗകേസിൽ പ്രതിയായ വ്ലോഗർ ശ്രീകാന്ത് വെട്ടിയാർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ. തനിക്കെതിരെ യുവതി നൽകിയത് വ്യാജപരാതിയാണെന്നും അതിന് പിന്നിൽ ഗൂഢലക്ഷ്യമുണ്ടെന്നും ജാമ്യാപേക്ഷയിൽ പറയുന്നു.
യുവതിയുടെ പരാതിയെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്യാൻ ഒരുങ്ങിയതോടെയാണ് മുൻകൂർ ജാമ്യം തേടി ശ്രീകാന്ത് ഹൈക്കോടതിയിലെത്തിയത്. ബലാത്സംഗ കേസെടുത്തതിന് പിന്നാലെ ഒരാഴ്‌ചയായി ഒളിവിലാണ് പ്രതി. പൊലീസ് ശക്തമായ തെരച്ചിൽ നടത്തുന്നതിനിടയിലാണ് ശ്രീകാന്ത് മുൻകൂർ ജാമ്യത്തിനായി അപേക്ഷ നൽകിയിരിക്കുന്നത്.
വിമൻ എഗേൻസ്റ്റ് സെക്ഷ്വൽ ഹരാസ്‌മെന്റ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ശ്രീകാന്ത് വെട്ടിയാർക്കെതിരെയുള്ള ആദ്യ മീടു ആരോപണം ഉയർന്നത്. അതിന് പിന്നാലെ മറ്റൊരു യുവതിയും അതേ പേജിലൂടെ ശ്രീകാന്തിനെതിരെ രണ്ടാമത്തെ മീടു ആരോപണം നടത്തിയിരുന്നു.