
നിലമ്പൂർ: പിന്നിലെ നാലു ചക്രങ്ങളിലൊന്നില്ലാതെ ബസ് ഓടിച്ചതിന് കെഎസ്ആർടിസി നിലമ്പൂർ ഡിപ്പോയിലെ ഏഴ് ജീവനക്കാർക്കെതിരെ നടപടി. മെക്കാനിക്കുമാരായ കെ.പി. സുകുമാരൻ, കെ. അനൂപ്, കെ.ടി. അബ്ദുൾഗഫൂർ, ഇ. രഞ്ജിത്കുമാർ, എ.പി. ടിപ്പു മുഹ്‌സിൻ, ടയർ ഇൻസ്‌പെക്ടർ എൻ. അബ്ദുൾ അസീസ്, ഡ്രൈവർ കെ. സുബ്രഹ്മണ്യൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. 2021 ഒക്ടോബർ ഏഴിന് കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസിന്റെ പിന്നിൽ വലതു ഭാഗത്ത് ഒരു ടയർ മാത്രമാണ് ഉണ്ടായിരുന്നത്. യാത്രയ്ക്കിടെ ഡ്രൈവറും കണ്ടക്ടറുമാണ് ഈ ഗുരുതരമായ പിഴവ് കണ്ടെത്തിയത്.
കോഴിക്കോട്ടേക്ക് പുറപ്പെടുന്നതിന്റെ തലേ ദിവസം ബസ് വർക്‌ഷോപ്പിലായിരുന്നു. ഈ ദിവസം ഡ്യൂട്ടി ചാർജ്മാന്റെ നിർദേശ പ്രകാരം മെക്കാനിക്കുകൾ ബസിന്റെ സ്‌പ്രിംഗ്സെറ്റ് ക്രമീകരിച്ചിരുന്നു. എന്നാൽ ചാർജ്മാൻ ഈ ബസിന്റെ ലോഗ്ഷീറ്റ് വാങ്ങി ജോലി രേഖപ്പെടുത്തുകയോ അതിനുള്ള നിർദേശം മെക്കാനിക്കുകൾക്കു നൽകുകയോ ചെയ്തില്ല. ബസിന്റെ ടയർ മറ്റൊരു ബസിലേക്ക് മാറ്റാൻ നിർദേശിച്ച ടയർ ഇൻസ്പെക്ടറും ലോഗ് ഷീറ്റ് പരിശോധിച്ചില്ല. ബസ് ഓടിച്ചുനോക്കി സർവീസിനു യോഗ്യമാണോ എന്നു പരിശോധിക്കേണ്ട വെഹിക്കിൾ സൂപ്പർവൈസറുടെ ചുമതലവഹിച്ച ഡ്രൈവറും വീഴ്‌ചവരുത്തി. ഇതിനെ തുടർന്നാണ് ജീവനക്കാരെ സസ്പെൻഡ് ചെയ്‌തത്. ഇൻസ്‌പെക്ടർ സി ബാലൻ നൽകിയ അന്വേഷണ റിപ്പോർട്ടിൻമേലാണ് നടപടി.
എന്നാൽ ചില ജീവനക്കാർക്കെതിരെ നടപടി എടുക്കുകയും ചിലരെ ഒഴിവാക്കുകയും ചെയ്ത നടപടി രാഷ്ട്രീയ പ്രേരിതമാണെന്നാണ് കെ.എസ്.ടി. വർക്കേഴ്‌സ് യൂണിയൻ (ഐ.എൻ.ടി.യു.സി.) നിലമ്പൂർ യൂണിറ്റിന്റെ നിലപാട്.