
ഗുരുവായൂർ: ഗുരുവായൂരപ്പന് കാണിക്കയായി കിട്ടിയ ഥാർ ലേലം വിളിച്ച അമൽ മുഹമ്മദിന് വാഹനം ഇതുവരെയും കിട്ടിയില്ലെന്ന് പരാതി. ഗുരുവായൂർ ദേവസ്വം ബോർഡ് വാഹനം കൈമാറാൻ തയ്യാറാകുന്നില്ലെന്നാണ് അമൽ പറയുന്നത്.
അതേസമയം, ലേലവുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്നെന്നും അന്തിമ തീരുമാനം എടുക്കേണ്ടത് ദേവസ്വം കമ്മീഷണറാണെന്നുമാണ് ദേവസ്വം ചെയർമാന്റെ വിശദീകരണം. മറ്റാരെങ്കിലും കൂടുതൽ തുകയുമായെത്തിയാൽ നിലവിലെ ലേലം റദ്ദ് ചെയ്യാനുള്ള അധികാരം ദേവസ്വം കമ്മീഷണർക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസമായിരുന്നു ഗുരുവായൂരപ്പന് വഴിപാടായി കിട്ടിയ ഥാർ ലേലത്തിന് വച്ചത്. 15 ലക്ഷം രൂപ ദേവസ്വം അടിസ്ഥാന വിലയിട്ട വാഹനം 15.10 ലക്ഷം രൂപയ്ക്കാണ് പ്രവാസിയായ എറണാകുളം സ്വദേശി അമൽ സ്വന്തമാക്കിയത്. ഇരുപത്തിയൊന്ന് ലക്ഷം രൂപവരെ നൽകാൻ തയ്യാറായിരുന്നുവെന്ന് പിന്നീട് അമലിന്റെ പ്രതിനിധി പറഞ്ഞതോടെയാണ് ലേലം തർക്കത്തിലേക്ക് പോയത്.
വില കൂട്ടി നൽകാമോയെന്ന് ദേവസ്വം ഭാരവാഹികൾ ചോദിച്ചെങ്കിലും ജിഎസ്ടി ഉൾപ്പെടെ നൽകുമ്പോഴേക്കും 18 ലക്ഷം രൂപയ്ക്ക് മുകളിൽ ചെലവ് വരുമെന്നായിരുന്നു അമൽ പറഞ്ഞത്. പിന്നാലെ വാഹനം അമലിന് തന്നെ നൽകാനായിരുന്നു ദേവസ്വം അധികാരികളുടെ തീരുമാനം. ലേലം പറഞ്ഞുറപ്പിച്ചിട്ടും ഇപ്പോഴും വാഹനം വിട്ടുകൊടുക്കാൻ ഭാരവാഹികൾ തയ്യാറാകുന്നില്ലെന്നാണ് അമൽ പറയുന്നത്.