covid

കോപ്പൻഹേഗൻ: യൂറോപ്പിൽ കൊവിഡ് വ്യാപനം അവസാന ഘട്ടത്തിലെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്യൻ ഡയറക്ടറായ ഹാൻസ് ക്ളൂഗ്. കൊവിഡിന്റെ വകഭേദമായ ഒമിക്രോൺ രോഗവ്യാപനത്തെ പുതിയൊരു ഘട്ടത്തിലേയ്ക്ക് എത്തിച്ചുവെന്നും ഇത് യൂറോപ്പിൽ മഹാമാരിയുടെ അവസാനത്തിന് കാരണമാകുമെന്നാണ് ഹാൻസ് ക്ളൂഗ് വെളിപ്പെടുത്തിയത്. മാർച്ചോടെ അറുപത് ശതമാനം യൂറോപ്യൻകാരും രോഗബാധിതരാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാക്സിനുകളുടെ ഫലമായോ രോഗബാധയേൽക്കുന്നതിന്റെ ഫലമായോ കുറച്ച് മാസത്തേയ്ക്ക് ഒരു ആഗോള പ്രതിരോധം ഉണ്ടാകും. വർഷാവസാനത്തോടെ കൊവിഡ് വീണ്ടും പ്രത്യക്ഷപ്പെടും എന്നാലത് പകർച്ചവ്യാധിയുടെ തിരിച്ചുവരവ് ആയിരിക്കില്ലെന്നും ഹാൻസ് ക്ളൂഗ് പറഞ്ഞു.

അമേരിക്കയുടെ പല ഭാഗങ്ങളിലും കൊവിഡ് വ്യാപനം കുറഞ്ഞ് വരികയാണെന്ന് മുൻനിര ശാസ്ത്രജ്ഞനായ ആൻ്റണി ഫൗസിയും അറിയിച്ചു. രാജ്യത്തുടനീളം കൊവിഡ് വ്യാപനത്തിൽ വ്യതിയാനങ്ങൾ കണ്ടുതുടങ്ങിയെന്നും എന്നാൽ ഇത് അമിതമായ ആത്മവിശ്വാസത്തിന് കാരണമാകരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഒമിക്രോണിന്റെ നാലാം തരംഗം ഉച്ചസ്ഥായിലെത്തിയതിന് ശേഷം ആദ്യമായി രാജ്യത്ത് കൊവിഡ് കേസുകളും മരണങ്ങളും കുറയുകയാണെന്ന് ലോകാരോഗ്യ സംഘടനയുടെ ആഫ്രിക്കയുടെ പ്രാദേശിക ഓഫീസും വെളിപ്പെടുത്തി.

ഡെൽറ്റ വകഭേദത്തെ അപേക്ഷിച്ച് ഒമിക്രോൺ വ്യാപനശേഷി കൂടിയതാണെങ്കിലും തീവ്രത കുറഞ്ഞതാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. കൊവിഡ് വാക്സിൻ സ്വീകരിച്ചവരിൽ ഇത് അപകടസാദ്ധ്യത കുറയ്ക്കുമെന്നും പഠനങ്ങൾ വെളിപ്പെടുത്തുന്നു. ഇത് കൊവിഡ് വ്യാപനം അവസാന ഘട്ടത്തിലാണെന്ന സൂചനയാണ് നൽകുന്നതെന്ന പ്രതീക്ഷയിലാണ് ലോകരാജ്യങ്ങൾ.