dileep

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ ഫോൺകോളുകൾ പരിശോധിക്കുന്നു. ഒരാഴ്‌ചത്തെ ഫോൺകോളുകളാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.

കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിനിടെ സൂരജ്, ബൈജു, അപ്പു എന്നിവരുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണുകൾ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിരുന്നു. ഇവർ ആരെയൊക്കെ ബന്ധപ്പെട്ടിരുന്നുവെന്നും സാക്ഷികളെ ആരെയെങ്കിലും വിളിച്ചിട്ടുണ്ടോയെന്നുമാണ് പ്രധാനമായും പരിശോധിക്കുന്നത്. സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് തെളിഞ്ഞാൽ അന്വേഷണസംഘത്തിന് അതും അനുകൂലമാകും.

​ കേസിൽ ദിലീപിനെയും സംഘത്തെയും രണ്ടാം ദിവസവും ചോദ്യം ചെയ്യൽ തുടരുകയാണ്. പ്രതികളെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. കഴിഞ്ഞ ദിവസത്തെ 11 മണിക്കൂ‌ർ നീണ്ട ചോദ്യം ചെയ്യലിൽ ദിലീപ് നൽകിയ മറുപടികളിൽ പൊരുത്തക്കേടുണ്ടെന്നാണ് അന്വേഷണ സംഘം വിലയിരുത്തിയത്. അതുകൊണ്ടുതന്നെ ഇന്നത്തെ ചോദ്യം ചെയ്യൽ ദിലീപിനും ഏറെ നിർണായകമായിരിക്കും.

അതേസമയം, നടിയെ ആക്രമിച്ച കേസിൽ വിസ്‌താരം പൂർത്തിയാക്കാൻ പ്രോസിക്യൂഷൻ കൂടുതൽ സമയം തേടി. തുടരന്വേഷണം പൂർത്തിയായാൽ മാത്രമേ പുതിയ സാക്ഷികളെ വിസ്‌തരിക്കാനാവൂ എന്നും സാക്ഷികളിൽ രണ്ടുപേർ അയൽ സംസ്ഥാനത്തായതുകൊണ്ടും ഒരാൾക്ക് കൊവിഡ് ബാധിച്ചുവെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്.