ee

കേരള ഫോക് ലോർ അക്കാഡമി ഈയിടെ പ്രഖ്യാപിച്ച പുരസ്‌കാരങ്ങൾ ഏറെ ജനശ്രദ്ധ നേടിയത് സമൂഹത്തിലെ ഏറ്റവും അരികിലായുള്ളവരിൽ ഒരാൾ സംസ്ഥാനതലത്തിൽ അംഗീകരിക്ക

പ്പെട്ടതിനാലാണ്. ഇതാദ്യമായാണ് കേരള സാംസ്‌കാരിക വകുപ്പിന്റെ പട്ടികയിലുള്ള പത്തുമുപ്പതു അനുഷ്ഠാനകലകളിലൊന്നായ തുയിലുണർത്തു പാട്ട് പുരസ്‌കാരനിറവിലെത്തുന്നത്. നാട്ടിൻപുറത്തെ കലാകാരൻ രാഘവൻ കുന്നത്തേരിക്കു ലഭിച്ച അംഗീകാരം, അതിനാൽ വർഷംതോറും എത്താറുള്ള നിരവധി ഫോക് ലോർ അവാർഡുകളിലൊന്ന് എന്നതിനപ്പുറത്ത് വേറിട്ടുതന്നെ നിലകൊള്ളുന്നു. തെയ്യവും തീയാട്ടും തോൽപ്പാവക്കൂത്തും കാവടിയാട്ടവും കാളവേലയും പൂതനും തിറയും മുതൽ ദഫ് മുട്ടും മാർഗം കളിയും വരെ നീണ്ടുകിടക്കുന്ന ഗ്രാമീണ കലാരൂപങ്ങളിൽ ഏറ്റവും ശോച്യാവസ്ഥയിലെത്തി നിൽക്കുന്ന തുയിലുണർത്തു പാട്ട് വീണ്ടും പൊതുജന ശ്രദ്ധയിലെത്തുമ്പോൾ, ഉയർത്തെഴുന്നേൽക്കുന്നത് നാടിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം തന്നെയാണ്. ''സംസ്ഥാനതലത്തിലുള്ള ഒരു അംഗീകാരം ലഭിക്കുമെന്ന് ഒരിക്കലും കരുതിയിട്ടേയില്ല..."" പുരസ്‌കാര നിറവിൽ രാഘവനാശാൻ പറഞ്ഞു തുടങ്ങി:
ഒരു സമ്മാനവും പ്രതീക്ഷിച്ചില്ല

സംസ്ഥാനപുരസ്‌കാരം എന്നെ തേടി എത്തിയത് തുയിലുണർത്തു പാട്ട് കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സമയത്താണ്. ഇങ്ങനെ ഒരു സമ്മാനത്തിന് ഞാൻ അർഹനാണെന്നു പോലും ഞാൻ കരുതുന്നില്ല എന്നതാണ് വാസ്‌തവം. ഇല്ലായ്‌മകൊണ്ട് എനിക്ക് നാലാം ക്ലാസ് വരെ മാത്രമേ പഠിക്കാൻ കഴിഞ്ഞുള്ളൂ. തുയിലുണർത്തു പാട്ടും പൊറാട്ട് നാടകവുമായിരുന്നു അച്‌ഛന്റെ ജോലി. കുടുംബം പുലർത്താൻ തന്നെ എന്റെ പിതാവ് പെടാപാട് പെടുകയായിരുന്നു. ഒരു നേരത്തെ കഞ്ഞി കുടിയ്‌ക്കാൻ പോലും വകയില്ലാതിരുന്ന അക്കാലത്ത് വിദ്യാഭ്യാസമൊക്കെ ഞങ്ങൾക്ക് വലിയ ആഡംബരമായിരുന്നില്ലേ?

eee

പഠിപ്പും പത്രാസുമൊന്നുമില്ലാത്ത ഈ ഗ്രാമീണന് ഇത്രയും വലിയൊരു അംഗീകാരം അനുവദിച്ചവർക്കെല്ലാം ഹൃദയംകൊണ്ട് നന്ദി പറയുന്നു. അറുപത്തെട്ടു വർഷത്തെ ജീവിതത്തിൽ ഇതിനു മുമ്പ് ആരും എനിക്ക് ഒരു സമ്മാനവും തന്നിട്ടില്ല. അതുകൊണ്ട് അങ്ങനെയൊന്ന് ഞാൻ ആരിൽ നിന്നും പ്രതീക്ഷിച്ചതുമില്ല. എന്നാൽ, ആദ്യത്തേതു തന്നെ സംസ്ഥാന പുരസ്‌കാരമായതിലും ഒരു മന്ത്രിയിൽ നിന്ന് അത് സ്വീകരിക്കാൻ കഴിഞ്ഞതിലുമുള്ള ആനന്ദം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. ഇത് തുയിലുണർത്തു പാട്ടിനും ആദ്യത്തെ അംഗീകാരമാണ്. ഞാൻ ജനിച്ചു വളർന്ന, പാലക്കാട് ജില്ലയുടെ ഏറ്റവും പടിഞ്ഞാറുള്ള കൂറ്റനാട്ടെ വാവനൂർ ഗ്രാമത്തിനും അഭിമാന നിമിഷം!

അരിയും ഭക്ഷണവും കിട്ടാൻ പാടി

കൊടിയ ദാരിദ്ര്യത്തിലായിരുന്നു എന്റെ കുട്ടിക്കാലം. അച്‌ഛന്റെയും (അയ്യപ്പൻ) അമ്മയുടെയും (കുറുമ്പ) കൂടെ പാട്ട് പാടാൻ പോകാറുണ്ടായിരുന്നു. അങ്ങനെയാണ് ഞാനും ഈ വഴിയിൽ എത്തുന്നത്. ചിങ്ങമാസത്തിൽ, ഓണത്തിനു മുമ്പും പിമ്പുമുള്ള ദിവസങ്ങളിലാണ് വീടുവീടാന്തരം കയറിയിറങ്ങി തുയിലുണർത്തു പാട്ടുകൾ പാടിയിരുന്നത്. ഇരുട്ടു നീങ്ങി പുതിയൊരു ഐശ്വര്യപൂർണമായ പ്രഭാതത്തിലേക്ക് നാട്ടുകാരെ ഉണർത്തുക എന്നതാണ് ഈ ഗാനങ്ങളുടെ ഉദ്ദേശ്യം. പറയി പെറ്റ പന്തിരുകുലത്തിലെ തിരുവരങ്കം പാണനാരുടെ പിൻഗാമികളായ പാണന്മാർ ഈ ആലാപന കലയിൽ നിപുണരായി മാറി. തമിഴ് നാട്ടിലുള്ള ശ്രീരംഗത്തിന്റെ യഥാർത്ഥ നാമമാണ് തിരുവരങ്കം. തുയിലുണർത്തു പാട്ടിനെ നാട്ടുകാർ പാണർ പാട്ട്, കുറവൻ പാട്ട്, ശീപോതി പാട്ട്, രാപ്പാട്ട് എന്നൊക്കെ വിളിക്കാറുണ്ട്. അച്‌ഛനും അമ്മയും പാടാൻ പോകുമ്പോൾ ഞങ്ങൾ കുട്ടികളെല്ലാവരും കൂടെ പോയിരുന്നത് വീടുകളിൽ നിന്ന് കഴിയ്‌ക്കാൻ എന്തെങ്കിലും ഭക്ഷണം കിട്ടുമെന്ന് മോഹിച്ചായിരുന്നു. പാട്ടിന് പ്രതിഫലമായി ഇത്തിരി അരിയാണ് വീടുകളിൽ നിന്ന് സാധാരണ ലഭിക്കുക. ഇങ്ങനെ കിട്ടുന്ന അരി വെച്ചാണ് ഞങ്ങൾ ഓണം ഉണ്ടിരുന്നത്.

raghavanashan4

പാടുന്നവൻ പാണൻ; പാടുന്നവൾ പാട്ടി

തിരുവരങ്കത്തുനിന്നാണ് പാണൻ, പാട്ടി എന്നീ പദങ്ങൾ ഉത്ഭവിച്ചത്. തമിഴ് പദമായ 'പൺകൾ" എന്നതിന്റെ അർത്ഥം രാഗങ്ങൾ എന്നാണ്. ഗാനങ്ങൾ പൺകളോടു കൂടി ആലപിക്കുന്നവർ അങ്ങനെ പാണനും പാട്ടിയുമായി അറിയപ്പെടാൻ തുടങ്ങി. പ്രാചീന തിരുവരങ്കത്ത് പാണനും പാട്ടിയ്‌ക്കും സമൂഹത്തിൽ ഉന്നത സ്ഥാനമാണ് നൽകിയിരുന്നത്. സംഗീതത്തിന്റെ മഹത്വമത്രയും ഉള്ളിൽ പേറുന്ന ഈ പദത്തെ കേവലം ഒരു ജാതിപ്പേരാക്കി നമ്മുടെ സമൂഹം ചെറുതാക്കി. ഇത് വേദനാജനകവും, പരിതാപകരവും, സർവ്വോപരി അപലപനീയവുമാണ്.

പൗരാണികത്വം പ്രമേയം

ഓണം ഐശ്വര്യത്തിന്റെ ആഘോഷമാണ്. സമൃദ്ധിയുടെ പര്യായമായ ചിങ്ങമാസത്തിലേക്കുള്ള കാൽവെപ്പ്. പുതുവർഷത്തിലെ പ്രതീക്ഷയും. ഇക്കാരണത്താലെല്ലാം മലയാളികളുടെ മഹോത്സവമായി മാറിയ ഓണത്തിന്റെ പൗരാണികകാലത്തെയാണ് തുയിലുണർത്തു പാട്ടിലൂടെ ഓർമ്മിപ്പിക്കുന്നത്. ഓരോ പ്രദേശത്തുള്ളവരും താന്താങ്ങളുടെ ആചാരങ്ങൾ കലാപരതയോടെ അനുഷ്‌ഠിച്ചപ്പോഴാണ് അവ കാലക്രമേണ അനുഷ്‌ഠാന കലകളായി രൂപപ്പെട്ടത്. വള്ളുവനാടൻ പ്രദേശങ്ങളിലും വടക്കൻ കേരളത്തിലുമാണ്, തുയിലുണർത്തു പാട്ട് ഉൾപ്പെടെയുള്ള നാടൻ കലാരൂപങ്ങൾ ഏറ്റവുമധികം പ്രചാരത്തിലുള്ളത്.

raghavanashan6

ഗാനങ്ങൾ ഐശ്വര്യദായകം
ശീപോതി പാട്ടുകൾ, പൊറാട്ട് നാടക പാട്ടുകൾ, തെക്കത്തിക്കളി പാട്ടുകൾ, കുറത്തിക്കളി പാട്ടുകൾ, കൈകൊട്ടിക്കളി പാട്ടുകൾ മുതലായ നിരവധി നാടൻ ശീലുകൾ തുയിലുണർത്താനായി പാടുന്നു. എല്ലാം ശിവസ്‌തുതി ഗീതങ്ങളാണ്. തിരുവരങ്കത്തെ പാണനാർക്ക് പരമശിവൻ നൽകിയ വരമാണ് തുയിലുണർത്തു പാട്ടെന്നാണ് ഐതിഹ്യം. ശിവനെ ഉറക്കത്തിൽ നിന്നും ഉണർത്താനാണ് ആദ്യമിത് പാടിയതെന്നും പുരാണമുണ്ട്. ഉത്രാടരാവ് മുതലുള്ള നാലു നാളുകളിലാണ് ഐശ്വര്യദേവതയെ സ്വാഗതം ചെയ്തുകൊണ്ടുള്ള ഗാനങ്ങൾ പാണൻ, പാട്ടി ദമ്പതിമാർ ഓരോ വീട്ടിലും ചെന്ന് ആലപിക്കുന്നത്. ദമ്പതിമാരുടെ കൂടെ ചിലപ്പോൾ കുടുംബാംഗങ്ങളും പങ്കുചേരുന്നു. കേരളീയ തുകൽ വാദ്യമായ തുടി കൊട്ടിക്കൊണ്ടാണ് കലാകാരൻ പാട്ടു പാടുന്നത്. ഉത്രാടം, തിരുവോണം, അവിട്ടം, ചതയം നാളുകൾ തുയിലുണർത്താൻ ഉത്തമം. നിശ്ചിതദിവസങ്ങൾക്കകം ഗ്രാമം മുഴുവൻ പാടിയെത്തുകയെന്ന ചിന്തയോടെ ഞാനും മാധവിയും (പത്നി) ചിലപ്പോൾ ഒറ്റതിരിഞ്ഞ് രണ്ടു സംഘങ്ങളായി വീടുകളിൽ പോയി പാടാറുണ്ട്. വൈകുന്നേരങ്ങളിൽ തുടങ്ങുന്ന സന്ദർശനങ്ങൾ അവസാനിക്കുമ്പോൾ പുലർച്ചെ ആകാറാണ് പതിവ്.

അണഞ്ഞു പോകരുത് ഈ പൈതൃകം
തുയിലുണർത്തു പാട്ട് ആർക്കും വേണ്ടാതായിട്ട് പത്തിരുപതു കൊല്ലമായി. ഞങ്ങളുടെ കൊട്ടും പാട്ടും പ്രചാരലുബ്‌ധമായി മാറുന്നു. വീടുകളിൽ ടിവിയും മറ്റു ആധുനിക വിനോദ സൗകര്യങ്ങളുമൊക്കെ ഉള്ളപ്പോൾ, നിറം കുറഞ്ഞ ഞങ്ങളുടെ അവതരണങ്ങൾ ജനങ്ങൾക്ക് വേണോ? പുതിയ ലോകത്തെ മനുഷ്യർക്ക് തുയിലുണർത്തു പാട്ടും മറ്റും പഴഞ്ചൻ സമ്പ്രദായമായി തോന്നുന്നുണ്ടാകാം. എന്നാൽ, ഈ പൈതൃകത്തിന് ബദലാകാൻ ഒരു ടിവിക്കും ഒരു ചാനലുകാർക്കും കഴിയില്ല. അവാർഡുകളും പ്രോത്സാഹനങ്ങളുമൊന്നും ഇല്ലാത്ത കാലത്ത് രാവും പകലും നാടൊട്ടാകെ പാടി നടന്ന് ആദിമൂലമായ ഈ നാടൻ കലയെ നിലനിർത്തിയവരാണ് ഞങ്ങൾ.

raghavanashan7

ഈ പരമ്പരാഗത ആവിഷ്‌കാര രൂപത്തിന് ശോഭ കുറയുമ്പോൾ വിഷാദം ഉറഞ്ഞു പൊങ്ങുന്നത് ഞങ്ങളുടെ മനസുകളിലാണ്. അണഞ്ഞു പോകരുത് ഈ പൈതൃകം. തുയിലുണർത്തു പാട്ടു കലാകാരനും ഇവിടെ ജീവിക്കണം. അവന്റെ അടുപ്പിലും തീ പുകയണം. ഈ കലാരൂപം നിലനിർത്തി കൊണ്ടുപോകാനും, ഈ ഗാനശാഖയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഉപജീവനം നയിക്കാനും സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും വേണ്ടതെല്ലാം ചെയ്യണമെന്നാണ് ഞങ്ങളുടെ അഭ്യർത്ഥന.

പുരസ്‌കാരമെത്തിയത് അവശ്യ സമയത്ത്
കേരള ഫോക്‌ലോർ അക്കാഡമിയുടെ പുരസ്‌കാരം എത്തിയത് അങ്ങനെയൊന്ന് ഏറ്റവും ആവശ്യമായി നിൽക്കുന്നൊരു കാലഗതിയിൽ തന്നെയാണ്. എന്റെ മക്കളായ ജയൻ വാവനൂരിനെയും രതീഷ് തിരുവരങ്കനെയും ഈ കലാശാഖയിൽ ഉറപ്പിച്ചു നിർത്താൻ ഇനി എനിക്ക് കഴിയും. ഇപ്പോൾ എനിയ്‌ക്ക് ആത്മവിശ്വാസത്തോടെ പുത്തൻ തലമുറയെ പ്രോത്സാഹിപ്പിക്കാം. തുയിലുണർത്താനും; കർക്കിടക സംക്രാന്തിയ്‌ക്ക് ശീപോതിപ്പാട്ട് പാടി, പൊട്ടിയെ (ദുഷ്‌ട ശക്തി) ആട്ടിയോടിച്ച്, അടിച്ചുവാരി തളിച്ച വീടുകളിലേക്ക് ശ്രീ ഭഗവതിയെ (ശീപോതി) ആനയിക്കാനും; വടക്കൻപാട്ടിലെ ചേകവന്മാരെ പാടിപ്പുകഴ്‌ത്താനും നാളെയും ഇവിടെ പാണൻ വേണ്ടേ?